ന്യൂഡൽഹി: ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകൾക്ക് സോണിയാ ഗാന്ധിക്കും ക്ഷണം. അയോധ്യ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾ നേരിട്ടെത്തിയാണ് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷയെ ക്ഷണിച്ചത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും ക്ഷണിച്ചെന്നു ട്രസ്റ്റ് പ്രതിനിധികൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് എത്തും.
ജനുവരി 22ന് രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാചടങ്ങിന് അയോധ്യയിൽ വിപുലമായ ഒരുക്കങ്ങളാണു നടക്കുന്നത്. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെയും പ്രതിനിധി സംഘം സന്ദർശിച്ച് രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.
അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥ്, വൈഷ്ണോദേവി, മത, ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരെയും ചടങ്ങിൽ ക്ഷണിച്ചിട്ടുണ്ട്.