ഉത്തര്‍പ്രദേശിലെ അയോധ്യയിലെ രാമക്ഷേത്രം അടുത്ത വര്‍ഷം ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അലിഗഡിൽ നിന്നുള്ള ഒരു കരകൗശല വിദഗ്ദന് രാമക്ഷേത്രത്തിന് ലോകത്തിലെ ഏറ്റവും വലിയ പൂട്ട് നിര്‍മ്മിച്ചു നല്കി.
ഏകദേശം 400ഗ്രാം ഭാരമാണ് പൂട്ടിനുള്ളത്. മാസങ്ങളെടുത്താണ് സത്യപ്രകാശ് ശര്‍മ്മ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൂട്ടിന് പത്ത് അടി ഉയരവും 9.5 ഇഞ്ച് കനവും 4.5 അടി വീതിയുമുണ്ട്. എല്ലാ വര്‍ഷവും നടക്കുന്ന അലിഗഡ് എക്സിബിഷനില്‍ ഈ ഭീമന് പൂട്ട് പ്രദര്‍ശിപ്പിച്ചിരുന്നു.
പൂട്ടിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിലെത്തിയതോടെ ഭക്തര്‍ അമ്പരന്നു. ഒരു നൂറ്റാണ്ടിലേറെയായി ശര്‍മ്മയുടെ കുടുംബം പൂട്ടുകള്‍ നിര്‍മിച്ചു നല്‍കിവരികയാണ്. ഈ പൂട്ട് സ്നേഹത്തിന്റെ അധ്വാനമാണെന്നും, ഇത് നിര്‍മിക്കുവാന്‍ ഭാര്യയും തന്നെ സഹായിച്ചുവെന്നും ശര്‍മ പറഞ്ഞു.
പൂട്ടിന്റെ ആകെ നിര്‍മാണ ചെലവ് ഏകദേശം രണ്ട് ലക്ഷം രൂപയാണ്. തന്റെ സ്വപ്ന പദ്ധതിയ്ക്കായി തനിക്കുണ്ടായിരുന്ന സമ്പാദ്യം ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചത്.
2020 ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടത്തിയിരുന്നു. 40 കിലോ ഭാരമുള്ള വെള്ളി ഇഷ്ടികയാണ് പ്രധാനമന്ത്രി രാമക്ഷേത്രത്തിന്റെ തറക്കല്ലായിട്ടത്.