2020 ഫെബ്രുവരി 5 നും ഈ വർഷം മാർച്ച് 31 നും ഇടയിൽ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനായി ചെലവഴിച്ചത് 900 കോടി രൂപ. കൂടാതെ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിൽ 3,000 കോടി രൂപ ബാക്കിയുണ്ടെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ.
വിദേശ കറൻസിയിൽ സംഭാവന സ്വീകരിക്കുന്നതിനുള്ള നിയമ നടപടി ഉൾപ്പെടെ 18 കാര്യങ്ങൾ അയോധ്യയിൽ മൂന്നു മണിക്കൂർ നീണ്ട യോഗത്തിൽ ചർച്ച ചെയ്തതായി ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) നിയമപ്രകാരമാണ് ട്രസ്റ്റ് അനുമതിക്കായി അപേക്ഷിച്ചിരിക്കുന്നതെന്നും റായ് കൂട്ടിച്ചേർത്തു.
2020 ഫെബ്രുവരി 5 മുതൽ 2023 മാർച്ച് 31 വരെ ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി 900 കോടി രൂപ ചെലവഴിച്ചുവെന്നും ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിൽ 3,000 കോടിയിലധികം രൂപ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും ട്രസ്റ്റ് സെക്രട്ടറി പറഞ്ഞു.
സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന രാം കഥ മ്യൂസിയം നിയമപരമായ ട്രസ്റ്റായിരിക്കുമെന്നും രാമക്ഷേത്രത്തിന്റെ 500 വർഷത്തെ ചരിത്രവും 50 വർഷത്തെ നിയമ രേഖകളും അവിടെ സൂക്ഷിക്കുമെന്നും റായ് കൂട്ടിച്ചേർത്തു.
2024 ജനുവരി 22 ന് പ്രതിഷ്ഠാ ചടങ്ങ് നടക്കാനാണ് സാധ്യത. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തുടനീളമുള്ള 10,000 ത്തോളം പ്രമുഖരും പങ്കെടുക്കും. 2025 ജനുവരിയോടെ മൂന്ന് ഘട്ടങ്ങളിലായി ക്ഷേത്രം പൂർത്തിയാകുമെന്നും റായ് പറഞ്ഞു.