പയ്യന്നൂര്‍: കരിവെള്ളൂര്‍ പെരളം കൊഴുമ്മലില്‍ നായ്ക്കള്‍ വെട്ടേറ്റു ചാവുന്നത് പതിവാകുന്നു. കണിയന്കുന്ന്, മലാപ്പ് പ്രദേശങ്ങളിലാണ് നായ്കള്‍ക്ക് വെട്ടേല്‍ക്കുന്നതും ചാവുന്നതും. അഞ്ച് ദിവസം മുമ്പാണ് ഒരു നായയുടെ കാലിനും നെഞ്ചിനും വെട്ടേറ്റതായി കാണപ്പെട്ടത്.
വാഹനമിടിച്ചതായിരിക്കുമെന്ന ചിന്തയില്‍ പരിക്കേറ്റ നായ്ക്ക് ചികിത്സ ലഭ്യമാക്കിയിട്ടും ചാകുകയായിരുന്നു. അടുത്ത ദിവസവും മറ്റൊരു നായ്ക്ക് സമാനരീതിയില്‍ വെട്ടേറ്റതായി കണ്ടതോടെയാണ് നാട്ടുകാരില്‍ സംശയമുടലെടുത്തത്. മൂന്ന് നായ്ക്കള്‍ ഇതിനകം വെട്ടേറ്റ് ചത്തു. പലരുടേയും നായ്ക്കളെ കാണാതായിട്ടുമുണ്ട്.
സംഭവങ്ങളുടെ തുടര്‍ച്ചയായി ഇന്നലെ വരെ നിരവധി നായ്കള്ക്കാണ് ഈ പ്രദേശങ്ങളില്‍ വെട്ടേറ്റത്. ഇന്നലെ മാത്രം മൂന്ന് വീടുകളിലെ നായ്കള്‍ക്ക് വെട്ടേറ്റു. ഈ സംഭവങ്ങളിലൂടെ ഈ പ്രദേശങ്ങളില്‍ ആയുധ പരിശീലനം നടക്കുന്നുവെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാരില്‍ പരിഭ്രാന്തി ഉടലെടുത്തത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് രാമന്തളി വടക്കുമ്പാട് പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ നായ്കള്‍ക്ക് വെട്ടേറ്റതായി കാണപ്പെട്ടിരുന്നത്. മാസങ്ങളായി പയ്യന്നൂരിലും പരിസരങ്ങളിലും നില നില്ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിന്റെ ഭാഗമായുള്ള ഛിദ്രശക്തികളുടെ പ്രവര്‍ത്തനങ്ങളാണോ ഇതിന് പിന്നിലെന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്.