ചണ്ഡീഗഡ്: പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തിയെന്ന് റിപ്പോർട്ട്. പഞ്ചാബിലേക്കാണ് ആയുധങ്ങൾ കടത്തിയത്. പഞ്ചാബ് പോലീസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്തത്. ചൈനീസ് ഡ്രോണുകൾ ഉപയോഗിച്ചാണ് ആയുധങ്ങൾ കടത്തിയതെന്നാണ് വിവരം.
80 കിലോ ആയുധങ്ങളാണ് ഇന്ത്യയിലേക്ക് കടത്തിയത്. പാക്കിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്കാണ് ആയുധങ്ങൾ കടത്തിയതെന്നും ഇതിന് പിന്നിൽ ഖലിസ്ഥാൻ ഭീകര സംഘടനകളാണെന്നും അന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആയുധക്കടത്തിന് ഐഎസ്ഐയുടെ സഹായവും ലഭിച്ചെന്നാണ് നിഗമനം.
എകെ-47 തോക്കുകളും ഗ്രനേഡുകളുമാണ് അമൃത്സറിൽ എത്തിച്ചതെന്നാണ് സൂചന. ഈ മാസം മാത്രം 10 ദിവസങ്ങൾക്കിടെ എട്ട് തവണയാണ് ചൈനീസ് ഡ്രോണുകൾ ഇത്തരത്തിൽ പഞ്ചാബിലേക്ക് ആയുധങ്ങൾ എത്തിച്ചത്. അഞ്ചിനും പത്തിനുമിടയ്ക്ക് ഭാരം വഹിക്കാൻ ശേഷിയുള്ള ഇത്തരം ചെറു ഡ്രോണുകൾ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും അതിവേഗത്തിൽ ഇവ പറന്നകലുമെന്നും അധികൃതർ വ്യക്തമാക്കി.
ആയുധങ്ങൾക്കു പുറമേ സാറ്റലൈറ്റ് ഫോണുകളും ഇന്ത്യയിലേക്ക് ഇതേമാർഗത്തിലൂടെ കടത്തിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ജമ്മുകാഷ്മീരിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നവർക്കായാണ് ആയുധങ്ങൾ എത്തിച്ചതെന്നാണ് നിഗമനം.
സെപ്റ്റംബര്‍ 30ന് മദ്രാസ് ഹൈക്കോടതിയില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീകരവാദികൾ ഭീഷണിയുയര്‍ത്തിയതായി കഴിഞ്ഞയാഴ്ച റിപ്പോർട്ടുകൾ വന്നിരുന്നു. ഖലിസ്ഥാൻ ഭീകരവാദിയെന്ന് അവകാശപ്പെട്ട് ഹർദർശൻ സിംഗ് നാഗ്പാല്‍ എന്നയാളുടെ പേരിലയച്ച കത്തിലായിരുന്നു സ്ഫോടനം നടത്തുമെന്ന മുന്നറിയിപ്പുണ്ടായിരുന്നത്.
ഇതിനു പിന്നാലെയാണ് ഇപ്പോൾ ഖാലിസ്ഥാൻ ഭീകരരുടെ പിന്തുണയോടെ ആയുധങ്ങൾ ഇന്ത്യയിലേക്ക് കടത്തിയെന്ന വിവരം പുറത്തുവരുന്നത്. സംഭവത്തിന്റെ അടസ്ഥാനത്തിൽ അതിർത്തി പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.