മാവേലിക്കര: ചെട്ടികുളങ്ങരയിൽ ആയുധശേഖരം കണ്ടെത്തിയ സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം തുടങ്ങി. ഈ പ്രദേശത്ത് നിരന്തരമായി നടക്കുന്ന ആക്രമണങ്ങളെയും കുറിച്ചു അന്വേഷണം തുടങ്ങിയതായി ജില്ല പോലീസ് മേധാവി എസ്. സുരേന്ദ്രൻ പറഞ്ഞു.
ചെട്ടികുളങ്ങരയിൽ നിന്ന് കണ്ടെടുത്തിട്ടുള്ള ആയുധങ്ങളിൽ ചിലത് ശാസ്ത്രീയ പരിശോധനകൾക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. പേളയിൽ ആയുധങ്ങൾ കണ്ടെടുത്ത അളൊഴിഞ്ഞ വീടും പരിസരവും ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി. കൃഷ്ണമ്മയുടെ വീട് എന്നിവിടങ്ങളിൽ എസ്പി പരിശോധന നടത്തി. ഡിവൈഎസ്പി അനീഷ് വി. കോര, ഇൻസ്പെക്ടർ ഓഫ് പോലീസ് പി. മോഹൻലാൽ, എസ്ഐ ശ്രീജിത്ത് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
കഴിഞ്ഞ 26ന് രാത്രി 10.30 ഓടെയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് പേള രാധേയത്തിൽ സി. കൃഷ്ണമ്മയുടെ വീടിനു നേരെ ഗുണ്ടെറിഞ്ഞത്. 25നു പഞ്ചായത്ത് പ്രസിഡന്റിന്റെ സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ ശുചിമുറിയിൽനിന്നും ആയുധങ്ങൾ കണ്ടെത്തിയിരുന്നു. ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിലും തന്റെ വീടിനു മുന്നിൽ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവത്തിലും ഉന്നതതല അന്വേഷണം അഭ്യർഥിച്ച് ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കൃഷ്ണമ്മ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് നിവേദനം നൽകിയത്. രണ്ടു മാസത്തിലേറെയായി ചെട്ടികുളങ്ങരയിൽ ആർഎസ്എസ് നടത്തിയിട്ടുള്ള ആക്രമണങ്ങളെ സംബന്ധിച്ചും നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. ചെട്ടികുളങ്ങര കടവൂർ ബ്രാഞ്ച് സെക്രട്ടറി വിനീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജിത്ത്, ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് അരുണ് എന്നിവരും പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.