മാവേലിക്കര: സിപിഎം- ബിജെപി സംഘർഷം നിലനിന്നിരുന്ന ചെട്ടികുളങ്ങരയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും ആയുധശേഖരം കണ്ടെടുത്തു. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി. കൃഷ്ണമ്മയുടെ പേളയിലെ വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിലെ ബാത്ത് റൂമിനുള്ളിൽ നിന്നുമാണ് സ്ഫോടകവസ്തുക്കൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം.
തർക്കത്തിൽ കിടക്കുന്ന വീടും പരിസരവും ഉപയോഗിക്കാതെ കാടുപിടിച്ചു കിടക്കുകയാണ്. ഇന്നലെ രാത്രി രണ്ടു ബൈക്കുകളിലായി നാലുപേർ എത്തിയതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സമീപത്തു താമസിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സംഘടിച്ചു. എന്നാൽ നാട്ടുകാർ വരുന്നതു കണ്ട സംഘം ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് വിവരമറിഞ്ഞൈത്തിയ എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്.
പെട്രോൾ ബോംബ് നിർമാണത്തിനുപയോഗിക്കുന്ന സാമഗ്രികൾ, രണ്ടുഗുണ്ട്, ലോഹ നിർമിതമായ അഞ്ചുപാത്രങ്ങൾ, ഒന്നിച്ച് ചുറ്റിയ നിലയിലുള്ള ബോംബ് പോലെ തോന്നിക്കുന്ന സ്ഫോടന സാമഗ്രി, മൂന്നു കത്തികൾ, അഞ്ചു ഇരുന്പ് ദണ്ഡുകൾ, മദ്യക്കുപ്പികൾ എന്നിവയാണ് പോലീസ് കണ്ടെത്തിയത്.
മാസങ്ങളായി ചെട്ടികുളങ്ങരയിലും പേളയിലും സിപിഎം- ബിജെപി സംഘർഷം തുടർക്കഥയായിരുന്നു. കുറച്ചുനാളുകൾക്കു മുന്പ് പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനു നേരെയും തുടർന്ന് ബിജെപി നേതാക്കളുടെ വീടുകൾക്കു നേരെയും ആക്രമണം ഉണ്ടായിരുന്നു. ഇതും സംഘർഷത്തിന്റെ ഭാഗമായിട്ടാണെന്നാണ് പോലീസ് കരുതുന്നത്.