തൃശൂർ: പുതുതായി നിർമിക്കുന്ന ആയുർവേദ മരുന്നുകൾക്ക് ക്ലിനിക്കൽ ട്രയൽ വേണമെന്ന നിബന്ധന സംസ്ഥാന സർക്കാർ റദ്ദാക്കി. നിയമംമൂലം അഞ്ചു വർഷമായി ആയുർവേദ ഔഷധ നിർമാതാക്കൾക്ക് പുതിയ മരുന്നുകൾ പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല. മറ്റു സംസ്ഥാനങ്ങളിലേപ്പോലെ ഔഷധങ്ങൾക്ക് ക്ലിനിക്കൽ ട്രയലിനു പകരം പൈലറ്റ് സ്റ്റഡി മതിയാകുന്ന വിധത്തിൽ കേരളത്തിലെ നിയമത്തിൽ മാറ്റംവരുത്തി.
ക്ലിനിക്കൽ ട്രയൽ നിർബന്ധമാക്കിയ നിയമംമൂലം ആയുർവേദ മേഖല തകർന്നുകൊണ്ടിരിക്കുകയാണെന്ന് ആയുർവേദ ഒൗഷധ നിർമാതാക്കളുടെ സംഘടനകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ആരോഗ്യവകുപ്പ് ഇതേക്കുറിച്ചു പഠനം നടത്തിയശേഷമാണു നിബന്ധന തിരുത്തിയത്.
ക്ലിനിക്കൽ ട്രയൽ ഒഴിവാക്കിയ സാഹചര്യത്തിൽ ആയുർവേദ ഔഷധ ഗവേഷണവും ഉൽപാദനവും വർധിക്കും. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കേരളത്തിലെ ആയുർവേദ ഉൽപന്നങ്ങൾക്ക് കൂടുതൽ സാധ്യതകളാണു തുറന്നിരിക്കുന്നതെന്ന് ആയുർവേദ മെഡിസിൻ മാനുഫാക്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ പറഞ്ഞു.