കോഴിക്കോട്: 2015 -18 വര്‍ഷങ്ങളിലായി രണ്ടു കോടിയോളം രൂപയുടെ ആയുഷ്ഫണ്ട് സംസ്ഥാന ആയുര്‍വേദ വകുപ്പിന് ലഭിച്ചിട്ടും ആവശ്യത്തിന് ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാനോ ഉപകരണങ്ങള്‍ വാങ്ങാനോ നടപടിയെടുത്തില്ലെന്ന് പരാതി. ഈ തുക ഉപയോഗിച്ച് കാലാഹരണപ്പെട്ട പരിശോധന ഉപകരണങ്ങള്‍ വാങ്ങിയെന്ന ആക്ഷേപവും ഉയരുന്നു.
രണ്ട് കോടിയോളം രൂപ എങ്ങിനെ ചിലവഴിച്ചുവെന്ന കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പിനും വ്യക്തതയില്ല. കണ്ണൂര്‍ സ്വദേശി ലിയോണാര്‍ഡ് ജോണിന് വിവരാവകാശ പ്രകാരം വകുപ്പില്‍ നിന്ന് ലഭിച്ച വിശദീകരണത്തിലാണ് ഫണ്ടുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ വര്‍ധിക്കുന്നത്.
ആയുര്‍വേദ വകുപ്പില്‍ രണ്ടു കോടിയുടെ ഫണ്ട് ലഭിച്ചിട്ടും ഇതുവരെയും ആധുനികവും കുറ്റമറ്റതുമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് നടപടിയായിട്ടില്ല. കാസിയ എത്തിയോണ്‍ ,കീടാനാശിനി , എന്നീ മാരക വിഷാംശങ്ങള്‍ ഭക്ഷ്യ ഉല്പന്നങ്ങളിലും മരുന്നുകളിലും അടങ്ങിയിട്ടുള്ളത് ശാസ്ത്രീയമായി തെളിയിക്കാന്‍ അനിയോജ്യമായ ഉപകരണങ്ങള്‍ ആവശ്യമാണന്നിരിക്കെ ഉപകരണങ്ങള്‍ ഇല്ലാതെ ഈ പരിശോധനകള്‍ നടത്താമെന്ന വാദത്തിലാണ് വകുപ്പിലെ ഉദ്യോഗസ്ഥരെന്ന ആരോപണവുമുണ്ട്.
അഞ്ചു വര്‍ഷമായി പുതിയ ആയുര്‍വേദ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കാതെ നീട്ടികൊണ്ടു പോകുന്ന അവസ്ഥയുമുണ്ട്. ഇതിനാല്‍ നിലവിലുള്ള കമ്പിനികള്‍ക്ക് ലൈസന്‍സ് പുതുക്കാനാവുന്നില്ല . കമ്പനികള്‍ സംസ്ഥാനം വിടുന്നതിനും നവസംരംഭകര്‍ പ്രോജക്ടുകള്‍ ഉപേക്ഷിക്കുന്ന അവസ്ഥയും മേഖല നേരിടുന്ന പ്രതിസന്ധിയാണ്.
ആയുര്‍വേദ മരുന്നിനും സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്കും ലൈസന്‍സിന് ഒരേ മാനദണ്ഡമാണ് ആയുഷ് അനുശാസിക്കുന്നത്. എന്നാല്‍ മരുന്നുകള്‍ക്ക് ലൈസന്‍സ് നല്‍കാതെ സൗന്ദര്യ വര്‍ദ്ധക ഉല്പന്നങ്ങള്ക്ക് ലൈസന്‍സ് നല്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും വകുപ്പില്‍ നടക്കുന്നുവെന്ന് ആക്ഷേപമാണ് ഉയരുന്നത്.
വകുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തരമായി അന്വേഷണം നടത്തിയില്ലെങ്കില്‍ ആയുര്‍വേദ വകുപ്പ് പൂര്‍ണ്ണമായും നഷ്ടത്തിലാകും. ആയുര്‍വേദ മേഖലയെ തകര്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തരമായി നടപടിയെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.