സ്വന്തം ലേഖകൻ
തൃശൂർ: കായികതാരങ്ങളുടെ പരിക്കുകൾക്കു ചികിത്സിക്കാനും കായികക്ഷമത വർധിപ്പിക്കാനും ആയുർവേദ ചികിത്സയുമായി ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ സ്പോർട്സ് ആശുപത്രി തൃശൂരിൽ സജ്ജമായി. ആശുപത്രിയുടെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞു മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷയാകും. മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.
ആയുർവേദത്തിൽ ഇത്തരമൊരു സംരംഭം ലോകത്തിൽതന്നെ ആദ്യത്തേതാണെന്നാണ് ആരോഗ്യവകുപ്പിന്റെയും സ്പോർട്സ് വകുപ്പിന്റെയും അവകാശവാദം. ഷൊർണൂർ റോഡിൽ കൗസ്തുഭത്തിനരികിൽ 8.17 കോടി രൂപ ചെലവിട്ടാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദിക് ആൻഡ് റിസേർച്ച് സ്ഥാപിച്ചത്.
മൂന്നു നിലകളുള്ള 31,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ 50 പേർക്കു കിടന്നു ചികിത്സിക്കാവുന്ന സൗകര്യമുണ്ടാകും. രണ്ടു പുരുഷ വാർഡുകളിലായി 30 പേർക്കും ഒരു വനിതാ വാർഡിൽ 15 പേർക്കുമുള്ള ബെഡ് ഉണ്ട്. എയർകണ്ടീഷൻ ചെയ്ത അഞ്ചു സ്യൂട്ട് റൂമുകളുമുണ്ട്. ഒൗട്ട് പേഷ്യന്റ് വിഭാഗത്തിനായി അഞ്ച് ഒപി സംവിധാനങ്ങളുമുണ്ട്.
ഓപ്പറേഷൻ തിയേറ്റർ, റേഡിയോളജി, ക്ലിനിക്കൽ ലബോറട്ടറി എന്നിവ അടക്കമുള്ള ആധുനിക സൗകര്യങ്ങൾ ഇവിടെയുണ്ട്. കണ്ടീഷനിംഗ് ട്രീറ്റ്മെന്റ്, ഇൻജുറി മാനേജ്മെന്റ്, മത്സരങ്ങൾക്കു ശേഷം ആരോഗ്യപാലന ചികിത്സ എന്നിവയ്ക്കു സൗകര്യമുണ്ടെന്നു ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. എസ്. ഷിബു പത്രസമ്മേളനത്തിൽ അറിയിച്ചു.
കായികതാരങ്ങളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ യോഗ, മെഡിറ്റേഷൻ, കായികക്ഷമത വർധിപ്പിക്കാനുള്ള വ്യായാമങ്ങൾക്കായി ആധുനിക ജിംനേഷ്യം, സിന്തറ്റിക് ട്രാക്ക്, നീന്തൽക്കുളം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.