പകര്‍ച്ചപ്പനികള്‍, വയറിളക്കം, ഛര്‍ദ്ദി, മഞ്ഞപ്പിത്തം എന്നിവ വര്‍ഷകാലത്തിന്റെ ആരംഭത്തോടുകൂടിത്തന്നെ പടര്‍ന്നുപിടിക്കുന്ന രോഗങ്ങളാണ്. ദുഷിച്ച ജലസ്രോതസുകളും കീടങ്ങളുമാണ് ഇവയ്ക്കുള്ള പ്രധാന കാരണം. വേനല്‍ക്കാലത്തിന്റെ രൂക്ഷതമൂലം അന്തരീക്ഷത്തില്‍ അടിഞ്ഞുനില്‍ക്കുന്ന പൊടിപടലങ്ങള്‍, രോഗാണുക്കള്‍ എന്നിവ പുതുമഴയോടുകൂടി ഭൂമിയില്‍ എത്തുന്നു. അതോടൊപ്പം ഭൂമിയില്‍ നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങളുംകൂടിയാകുമ്പോള് പരമ്പരാഗതമായ ജലസ്രോതസുകളായ കിണര്‍, കുളങ്ങള്‍, തോടുകള്‍, പുഴകള്‍ മുതലായവും പൂര്‍ണമായും മലിനമാകുന്നു. ഇതിനെല്ലാം പുറമേ വര്ഷകാലാരംഭത്തോടുകൂടി വര്‍ധിക്കുന്ന ക്ഷുദ്രജീവികളായ ഈച്ച, കൊതുക്, പാറ്റകള്‍ എന്നിവയും രോഗകാരികളാണ്.
ഇതു ശ്രദ്ധിക്കാം
ആഹാരം പാകംചെയ്യുമ്പോഴും തെരഞ്ഞെടുക്കുമ്പോഴും പാകംചെയ്ത ആഹാരം സൂക്ഷിക്കുമ്പോഴും അത്യധികം ശ്രദ്ധവേണം. ജലജന്യ രോഗങ്ങളില്‍നിന്നു രക്ഷനേടുന്നതിനായി കുടിക്കുന്ന വെള്ളവും ആഹാരം പാകംചെയ്യുന്നതിനായി എടുക്കുന്ന വെള്ളവും വൃത്തിയുള്ള ജലസ്രോതസുകളില്‍നിന്നു ലഭിക്കുന്നതാണെന്ന് ഉറപ്പുവരുത്തണം. കുടിക്കുന്ന വെള്ളം നല്ലതുപോലെ തിളപ്പിച്ച് ഉപയോഗിക്കുക. വെള്ളം സാധാരണ തിളയ്ക്കുന്ന സമയം കഴിഞ്ഞും കുറച്ചുസമയംകൂടി തീയില്ത്തന്നെ വെച്ചുകൊണ്ടിരിക്കുന്നതു ജലത്തില്‍ ഉണ്ടായിരിക്കുന്ന ഭൂരിഭാഗം രോഗാണുക്കളെയും നശിപ്പിക്കാന്‍ സഹായിക്കും.
ഭക്ഷണത്തില്‍ കരുതല്‍ വേണം
കുടലിലും ശരീരകോശങ്ങളിലും ജലനഷ്ടം സംഭവിക്കുകമൂലം ദഹനപ്രക്രിയയെ അതു സാരമായി ബാധിക്കും. ഈ അവസ്ഥയിലാണു ധാരാളം വെള്ളം കുടിക്കുന്നതിന്റെയും ലഘുവായ ആഹാരങ്ങള്‍ കഴിക്കുന്നതിന്റെയും പ്രസക്തി.
പൊതുവ ദഹിക്കാന്‍ പ്രയാസമുള്ളവയും മത്സ്യമാംസാദികളും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ ഉപയോഗിക്കാതെയിരിക്കുക. പച്ചക്കറി വര്‍ഗത്തില്‍പ്പെട്ട പാവയ്ക്കാ, നെല്ലിക്ക, ഇലവര്ഗങ്ങളായ മുരിങ്ങയില, തഴുതാമ, ചീര മുതലായവ എളുപ്പം ദഹിക്കുന്നവയും അതിലുപരി ഇവയിലെ പ്രധാനഘടകങ്ങളായ വിറ്റാമിന്‍ സി, അയണ്‍ എന്നിവ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന് അനുകൂലമായവയുമാണ്. ഇവ കറികളായോ, അല്ലെങ്കില്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളത്തില്‍ നവരയരി, പൊടിയരി എന്നിവയില്‍ ഏതെങ്കിലും ചേര്‍ത്തു കഞ്ഞിയാക്കിയതു കുരുമുളകുപൊടിയും ചുക്കുപൊടിയും ചേര്‍ത്തു പനി തുടങ്ങിയ രോഗാവസ്ഥകളില്‍ പറ്റിയ ഔഷധമായും ആഹാരമായും ഉപയോഗിക്കാം.
വെള്ളം കുടിക്കുന്നതിനായി ഔഷധദ്രവ്യങ്ങള്ചേര്ത്തു തിളപ്പിച്ച വെള്ളം തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. തുളസി, മുത്തങ്ങാ, പര്‍പ്പടകപ്പുല്ല്, ചുക്ക്, ഞെരിഞ്ഞില്‍, തഴുതാമ എന്നിവ ചതച്ചിട്ട് തിളപ്പിച്ച വെള്ളം ശരീരത്തില്‍ അധികമായി ഉണ്ടാകുന്ന ചൂടിനെ കുറയ്ക്കുന്നതിനും നീര് കുറയ്ക്കുന്നതിനും ഉത്തമമായ ഒരു പാനീയമാണ്.
തഴുതാമ, മുരിങ്ങയില എന്നിവ ചതച്ചിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതു നീര് കുറയുന്നതിന് ഉത്തമമാണ്. പകര്‍ച്ചപ്പനിയിലും തുടര്‍ന്നുണ്ടാകുന്ന ശരീര അസ്വാസ്ഥ്യങ്ങള്‍ക്കും ആയുര്‍വേദ ചികിത്സയിലെ പ്രധാനമായ കഷായം, അരിഷ്ടം, ഗുളികകള്‍ മുതലായവ അതീവ ഫലത്തെ പ്രധാനം ചെയ്യുന്നവയാണ്. ഇവയെല്ലാം രോഗികളുടെ ശരീരപ്രകൃതിക്കനുസരിച്ചും രോഗാവസ്ഥയ്ക്കനുസരിച്ചും വൈദ്യനിര്‍ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ.
ഡോ.ആര് രവീന്ദ്രന് ബിഎഎംഎസ്
അസി.സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, ദി ആര്യവൈദ്യ ഫാര്‍മസി (കോയമ്പത്തൂര്‍) ലിമിറ്റഡ് ബ്രാഞ്ച്, സിഎംഎസ് കോളജ് റോഡ്, കോട്ടയം