തൃശൂർ: ജിഎസ്ടി നികുതി വർധനവും അസംസ്കൃത വസ്തുക്കളുടെ വിലവർധനവും മൂലം ആയുർവേദ ഒൗഷധനിർമാണം വൻപ്രതിസന്ധിയിലായെന്ന് ആയുർവേദിക് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. ഇതുമൂലം കേരളത്തിലെ 600 ആയുർവേദ മരുന്നു നിർമാണ യൂണിറ്റിൽ 380 യൂണിറ്റുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ പറഞ്ഞു.
ശാസ്ത്രീയ ആയുർവേദ മരുന്നുകളായ കഷായങ്ങൾ, എണ്ണകൾ, കുഴന്പുകൾ എന്നിവയ്ക്കു മുൻപുണ്ടായിരുന്ന അഞ്ചു ശതമാനം നികുതി ജിഎസ്ടിയുടെ വരവോടെ 12 ശതമാനമായി. ഇതിനു പുറമേ അസംസ്കൃത വസ്തുക്കളായ വെളിച്ചെണ്ണയ്ക്ക് ഇന്നു കിലോയ്ക്ക് 160 രൂപയും, ശർക്കരയ്ക്ക് 58 ഉം, അതിവിടയത്തിന് 10,000 രൂപയും, കുറുന്തോട്ടിക്കു 140 രൂപയുമായി വർധിച്ചു. ഇതിനുപുറമേ നികുതി വർധന കൂടി വരുന്നതോടെ ആയുർവേദ മരുന്നുകൾക്കു വിലകൂട്ടേണ്ട അവസ്ഥയിലാണ്.
കേരള സർക്കാരും കേന്ദ്ര ആയുഷ് ഡിപ്പാർട്ട്മെന്റും ആയുർവേദ മരുന്നുകളുടെ വർധിച്ച നികുതി കുറയ്ക്കുന്നതിനായി ജിഎസ്ടി കൗണ്‍സിലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥരാണ് ഇതിനു തടസം നിൽക്കുന്നത്. അവശ്യവസ്തുവായ മരുന്നുകളുടെ ജിഎസ്ടി കുറയ്ക്കാൻ സംസ്ഥാന സർക്കാരും ഇടപെടണം. അടുത്ത ജിഎസ്ടി കൗണ്‍സിലിൽ സംസ്ഥാന സർക്കാർ ഈ വാദം ശക്തമായി ഉന്നയിക്കണമെന്നു ഭാരവാഹികൾ ആവശ്യപ്പെട്ടു.