വൈ.എസ്. ജയകുമാർ
തിരുവനന്തപുരം: ആയൂർവേദ മരുന്നുകൾ പരസ്യം നൽകുന്നതിനുള്ള നിയന്ത്രണം ഈമാസം 22 മുതൽ പ്രാബല്യത്തിൽവരും. ഡ്രഗ്സ് ആൻഡ് കോസ്മറ്റിക് നിയമത്തിന്റെ 11-ാമത് ഭേദഗതി 2018 ഡിസംബർ 22 മുതലാണ് പ്രാബല്യത്തിലായത്. ഇതോടെയാണ് ആയൂർവേദത്തിനു പുറമേ സിദ്ധ, യുനാനി മരുന്നുകളുടെ പരസ്യത്തിനും നിയന്ത്രണം പ്രാബല്യത്തിലായത്
2018 ഡിസംബർ 22-ന് നിയമം പ്രാബല്യത്തിലായെങ്കിലും നടപ്പാക്കാൻ മൂന്നുമാസം സാവകാശം നൽകിയിരുന്നു. ഈകാലാവധി ഈമാസം 22-ന് അവസാനിക്കുകയാണ്. രോഗം കാരണമോ അല്ലാതെയോ ഉണ്ടായ ശാരീരിക, ബൗദ്ധിക വൈകല്യങ്ങൾ ഭേദമാക്കാമെന്ന് ഇനി പരസ്യം നൽകാനാകില്ല. എയ്ഡ്സ്, മാറ്റാനാകില്ലെന്ന് അലോപ്പൊതി വിഭാഗം വിലയിരുത്തിയ രോഗങ്ങൾ എന്നിവ ഭേദമാക്കാമെന്നും പരസ്യം നൽകാനാകില്ല.
പരസ്യം നൽകാനുള്ള വിലക്ക് ആയൂർവേദ ഡോക്ടർമാർക്കും ബാധകമാണ്. നിയമലംഘിച്ചാൽ ഒരു ലക്ഷം രൂപവരെ പിഴയും ജയിൽശിക്ഷയും അനുഭവിക്കേണ്ടിവരും. നിയമദേദഗതി പ്രകാരം ആയൂർവേദ ഡ്രഗ്സ് ഡെപ്യൂട്ടി ക്്ണ്ട്രോളർ അംഗീകരിക്കുന്ന പരസ്യം മാത്രമേ പ്രസിദ്ധീകരിക്കാനും പ്രക്ഷേപണം ചെയ്യാനും പാടുള്ളൂ. അംഗീകാരത്തിനായി പരസ്യ മാറ്റർ, വീഡിയോ, ഓഡിയോ എന്നിവ ഡ്രഗ്സ് ഓഫീസിൽ സമർപ്പിക്കുകയും വിദഗ്ധ സമിതി അംഗീകരിക്കുകയും വേണം.
എന്നാൽ നിയമഭേഗഗതി വന്നിട്ടും നിരീക്ഷണ സമിതി രൂപീകരിക്കാനുള്ള നടപടി ആയൂർവേദ ഡ്രഗ്സ വിഭാഗം ആരംഭിച്ചിട്ടില്ല. ഇക്കാരണത്താൽ ഈമാസം 22 മുതൽ ആയൂർവേദ പരസ്യങ്ങൾ നിലയ്ക്കുകയാണെന്ന് ആയൂർവേദ മെഡിസിൻ മാനുഫാക്ചേഴ്്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വിദഗ്ധ സമിതി രൂപീകരണം സംബന്ധിച്ച് ഇരുട്ടിൽതപ്പുകയാണ് ആയൂർവേദ ഡ്രഗ്സ് വിഭാഗം.
സംസ്ഥാനത്തെ ഏഴ് ഡ്രഗ്സ് ഇൻസ്പെക്ടർമാരെ വച്ച് പുതിയ നിയമം നടപ്പാക്കുന്നത് വെല്ലുവിളിയാണെന്ന് ഡെപ്യൂട്ടി ഡ്രഗ്സ് കണ്ട്രോളർ- ആയൂർവേദ ഡോ. ശ്രീകുമാർ പറഞ്ഞു. മാത്രമല്ല വിദഗ്ധ സമിതിയിലേക്ക് ആയൂർവേദ കോളജിൽ നിന്നുള്ള പ്രാതിനികളെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ സമവായം ഇനിയും ഉണ്ടായിട്ടില്ല.
കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ അലോപ്പൊതി മരുന്നു ഫാക്ടറിയുടെ ഭാഗമായിട്ടാണ് ആയൂർവേദ മരുന്നു നിർമാണം നടത്തുന്നത്. അതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് പരസ്യത്തിന് എളുപ്പത്തിൽ അംഗീകാരം ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു.