തിരുവനന്തപുരം: മണിപ്പൂരിൽ ആയുർവേദം പ്രചരിപ്പിക്കാൻ ഒൗഷധിയുടെ സഹായം മണിപ്പൂർ സർക്കാർ തേടുന്നു. ചൈനീസ് മരുന്നുകളുടെ കടന്നുകയറ്റം മണിപ്പൂരിൽ അനുഭവപ്പെടുന്നുണ്ട്. ഇതു ഫലപ്രദമായി തടയാൻ ഒൗഷധിയുടെ മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തുന്നതുകൊണ്ടു സാധിക്കും.
മണിപ്പൂർ സർക്കാർ ഒൗഷധിയിൽനിന്നും ഇതിനായി മരുന്നുകൾ വാങ്ങിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് തൃശൂരിൽ ഒൗഷധി സന്ദർശിച്ച മണിപ്പൂർ ആരോഗ്യമന്ത്രി എൻ. ജയന്തകുമാർ സിംഗ് പറഞ്ഞു.
മണിപ്പൂരിൽ ആയുർവേദ മരുന്നുനിർമാണത്തിനാവശ്യമായ പച്ചമരുന്നുകൾ സുലഭമാണ്. ഒൗഷധിക്കാവശ്യമുള്ള പച്ചമരുന്നുകൾ നല്കാൻ മണിപ്പൂർ സർക്കാർ തയാറാണ്. ആയുർവേദ മരുന്ന് നിർമാണത്തിനു മണിപ്പൂരിൽ ഒരു നിർമാണശാല ഒൗഷധിയുമായി സഹകരിച്ച് മണിപ്പൂർ സർക്കാർ തുടങ്ങും.
ഒൗഷധി സന്ദർശിച്ച മന്ത്രിയുടെ സംഘത്തിൽ ആയൂഷ് ജോയിന്റ് സെക്രട്ടറി റംഗനമായ്റാങ്ങ് പീറ്റർ, ആയുഷ് ഡയറക്ടർമാരായ ഡോ. എ. ഗുണേശ്വർ ശർമ, ഡോ. എസ്. മേമദേവി, എൽ. ശാന്തിബാലദേവി എന്നിവർ ഉണ്ടായിരുന്നു.
ഒൗഷധി ചെയർമാൻ ഡോ. കെ.ആർ. വിശ്വംഭരൻ, മാനേജിംഗ് ഡയറക്ടർ കെ.വി. ഉത്തമൻ എന്നിവർ മണിപ്പൂർ ആരോഗ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. ഫാക്ടറി സന്ദർശനത്തിനുശേഷം ഒൗഷധി പഞ്ചകർമ ആശുപത്രിയും മന്ത്രിയും സംഘവും സന്ദർശിച്ചു.