വൈ.എസ്. ജയകുമാർ
തിരുവനന്തപുരം: കേരളത്തിലെ ആയൂർവേദ മരുന്നു നിർമാതാക്കൾക്ക് ആയൂർവേദ പേറ്റന്റ് ആൻഡ് പ്രൊപ്രൈറ്ററി ലൈസൻസ് നൽകി തുടങ്ങി. രണ്ടു വർഷത്തോളമായി ലൈസൻസ് നൽകുന്നത് മുടങ്ങിക്കിടക്കുകയായിരുന്നു. വിദഗ്ധ സമിതിയിൽ അഞ്ചുപേരാണുള്ളത്. ഇതിൽ മൂന്നുപേർ ആയൂർവേദ കോളജിലേയും ഓരോ ആൾവീതം ഡ്രഗ്സ് വകുപ്പിലേയും ഭാരതീയ ചികിത്സാവകുപ്പിലേയും പ്രതിനിധികളാണ്.
വിദഗ്ധ സമിതിയുടെ ചെയർമാൻ ഡെപ്യൂട്ടി ഡ്രഗ്സ് കണ്ട്രോളർ ഡോ. ശ്രീകുമാറാണ്. തൃപ്പൂണിത്തുറ ആയൂർവേദ കോളജിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ ആളാണ് ഡോ. ശ്രീകുമാർ. തിരുവനന്തപുരം ആയൂർവേദ കോളജിലെ ദ്രവ്യഗുണവിഭാഗം അസിസ്റ്റന്റ് പ്രഫസർ വി.സി. ഇന്ദുലേഖ, ഇതേ കോളജിലെ ഭൈഷജ്യകല്പന വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ.താരാലക്ഷ്മി എന്നിവരാണ് ആയൂർവേദ കോളജിൽ നിന്നുള്ള മറ്റു രണ്ടു പ്രതിനിധികൾ.
സർക്കാർ ആയൂർവേദ ആശുപത്രിയിലെ പ്രതിനിധിയായി ഐഎസ്എം ഡയറക്ടർ ഡോ.കെ.എസ് പ്രിയയെ ഉൾപ്പെടുത്തി. ഐഎസ്എം ഡയറക്ടറെ ആദ്യമായാണ് മരുന്നു നിർമാണ വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്തുന്നത്. ഡ്രഗ്സ് വകുപ്പിൽ നിന്ന് സീനിയർ ഡ്രഗ്സ് ഇൻസ്പെക്ടർ ഡോ.സ്മാർട്ട്. പി.ജോണിനെ മാത്രമാണ് ഉൾപ്പെടുത്തിയത്.
ആയൂർവേദ കോളജ് പ്രതിനിധികളായ ഡോ.വി.സി. ഡോ.ഇന്ദുലേഖ, ഡോ. താരാലക്ഷ്മി എന്നിവരും ഡ്രഗ്സ് വകുപ്പിലെ ഡോ.സ്മാർട്ട്. പി.ജോണും മുൻവിദഗ്ധ സമിതിയിൽ അംഗങ്ങളായിരുന്നു.ആയൂർവേദ കോളജിൽ നിന്ന് മൂന്നുപേരെ വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ ഡ്രഗ്സ് വകുപ്പിലെ ഉദ്യോഗസ്ഥരെ തഴഞ്ഞതായ ആക്ഷേപം ഉയരുകയാണ്. ആയൂർവേദ മരുന്നു നിർമാണവുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്തവരാണ് സമിതിയിലെ ഭൂരിപക്ഷം പേരും. സംസ്ഥാനത്തെ ആയൂർവേദ ആശുപത്രികളുടെ ഭരണചുമതലയുള്ളയാണ് ഐഎസ്എം ഡയറക്ടർ. ഡിഗ്രി മാത്രമാണ് പരീക്ഷാ യോഗ്യത.
മരുന്ന് ഫോർമുലകൾ പരിശോധിക്കാനാണ് മരുന്നറിവിൽ വൈദഗ്ധ്യം നേടിയ ആയൂർവേദ കോളജിലെ ദ്രവ്യഗുണവിഭാഗം അസിസ്റ്റന്റ് പ്രഫസറെ ഉൾപ്പെടുത്തിയത്. പുതിയ രജിസ്ട്രേഷനായി നൽകുന്ന ഫോർമുലയിലെ വിവരം പരിശോധിക്കാനാണ് ആയൂർവേദ കോളജിലെ ഭൈഷജ്യകല്പന വിഭാഗം അസോസിയേറ്റ് പ്രഫസറെ ഉൾപ്പെടുത്തിയത്. മരുന്നു നിർമാണ വിഷയത്തിൽ പിജിയുള്ള തിരുവനന്തപുരം ഡ്ഗ്രസ് ഓഫീസിലെ ഡ്രഗ്സ് ഇൻസ്പെക്ടറെ ഒഴിവാക്കിയതിൽ ആക്ഷേപം ഉയരുകയാണ്.
ഡ്രഗ്സ് വകുപ്പ് നടപ്പാക്കിയ പുതിയ ഉത്തരവുകളെ തുടർന്നാണ് പുതിയ പ്രൊപ്രൈറ്ററി രജിസ്ട്രേഷൻ നൽകുന്നത് മുടങ്ങിയത്. മരുന്നുകൾ രോഗികളിൽ പരീക്ഷിച്ച് ഫലപ്രാപ്തി തെളിയിച്ചാൽ മാത്രമേ പുതിയ പ്രൊപ്രൈറ്ററി രജിസ്ട്രേഷൻ നൽകാവൂ എന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിറക്കി.
മരുന്നു പരീക്ഷണത്തിനായി മൂന്ന് സർക്കാർ ആയൂർവേദ കോളജുകളെ നിശ്ചയിച്ച് പിന്നാലെ ഉത്തരവിറക്കി. എന്നാൽ കാൽലക്ഷം രൂപ ആയൂർവേദ കോളജിൽ ഫീസടച്ച് മരുന്നു പരീക്ഷണം നടത്താൻ ഫാർമസികൾ തയാറായില്ല. അലോപ്പൊതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇതര സംസ്ഥാന ഫാർമസികളുടെ ആയൂർവേദ മരുന്നുകൾ കേരളത്തിലേക്ക് നിയന്ത്രണമില്ലാതെ പ്രവഹിക്കുകയാണ്.
ഈ അവസരത്തിൽ ഇന്ത്യയിൽ വേറൊരിടത്തുമില്ലാത്ത സന്പ്രദായം കൊണ്ടുവന്നതിനെ സംസ്ഥാനത്തെ ആയൂർവേദ മരുന്നു നിർമാതാക്കൾ ശക്തമായി എതിർത്തു. ഇതേതുടർന്ന് ആദ്യം ഇറക്കിയ ഉത്തരവുകൾ റദ്ദാക്കാൻ സർക്കാർ നിർബന്ധിതമായി. തുടർന്നാണ് പുതിയ വിദഗ്ധ സമിതി രൂപീകരിച്ചത്.