സ്വന്തം ലേഖകൻ
കൊണ്ടോട്ടി: വീൽചെയറിലെത്തിയ യാത്രക്കാരൻ കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് ഡയറക്ട്റേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) വിമാനത്താവളത്തിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.
ഗൾഫിലുണ്ടായ അപകടത്തിൽ കാലിന്റെ എല്ലൊടിഞ്ഞെന്നും ആയതിനാലാണ് പ്ലാസ്റ്ററിട്ടതെന്നും യാത്രക്കാരൻ പറഞ്ഞു. സംശയം തീരാതെ ഡിആർഐ കാലിന്റെ കെട്ടഴിക്കാൻ ആവശ്യപ്പെട്ടു. വേദന അഭിനയിച്ച് യാത്രക്കാരൻ കാലിന്റെ കെട്ടഴിച്ചു.
മരുന്നിന്റെ ഗന്ധം. ആയുർവേദ മരുന്നാണെന്നു യാത്രക്കാരന്റെ ഭാഷ്യം. തേച്ചു പിടിപ്പിച്ച മരുന്നുകളുമായി ഡിആർഐ പരിശോധനയ്ക്ക് അയച്ചു. മരുന്നുകൾക്കിടയിൽ അരച്ചു തേച്ചു പിടിപ്പിച്ച ഒരു കിലോ സ്വർണമായിരുന്നു അത്.
സ്വർണ ബിസ്ക്കറ്റുകൾ, കോയിനുകൾ എന്നിവയായിരുന്നു ഒരു കാലത്ത് സ്വർണക്കടത്തുകാരുടെ ഇഷ്ടങ്ങൾ. ഇവ ഇലക്ട്രോണികസ് ഉപകരണങ്ങളിൽ ഒളിപ്പിച്ചു കടത്തുകയാണ് പതിവ്.
എന്നാൽ അടുത്തിടെയായി കളളക്കടത്തുകാരുടെ രീതി തീർത്തും ഹൈടെക്കായി മാറിയിരിക്കുകയാണ്. സ്വർണം രൂപം മാറ്റിയാണ് ഇന്നു കടത്തുന്നത്. തിരുവനന്തപുരത്ത് പിടികൂടിയ സ്വർണത്തിനു വരെ ഈ രൂപമാറ്റമാണ് കസ്റ്റംസിനെ ഞെട്ടിച്ചിരിക്കുന്നത്.
സ്വർണം ദ്രവമിശ്രിതമാക്കി പാക്കറ്റുകളിൽ നിറച്ച് കാലിലും ശരീരഭാഗങ്ങളും ഷൂ പോലുളളവയിലും കെട്ടിവച്ചും തുന്നിച്ചേർത്തും കടത്തുന്നതാണ് കൂടുതലായി കണ്ടെത്തുന്നത്.
ഇത്തരം സ്വർണക്കടത്ത് സാധാരണ പരിശോധനയിൽ കണ്ടെത്താൻ വളരെ പ്രയാസമാണ്. സ്വർണം ഗുളികളാക്കി വിഴുങ്ങിയും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചും കടത്തുന്നതാണ് മറ്റൊരു രീതി.
സ്വർണം മറ്റേതെങ്കിലും ഉത്പന്നത്തിന്റെ ബോട്ടലിൽ ലായനിയാക്കി കൊണ്ടുവരുന്ന വിരുതൻമാരും കുറവല്ല. ഇത്തരം സ്വർണം വേർതിരിച്ചെടുക്കാനും കസ്റ്റംസിന് മണിക്കുറുകൾ വേണ്ടിവരുന്നു.
ഇലക്ട്രോണിക്സിന്റെ അകത്ത് സ്വർണം ഒളിപ്പിക്കുന്നതിനു പകരം അവക്കുളളിലെ പാർട്സുകൾ മാറ്റി ഇവയിൽ സ്വർണം ഉരുക്കി ഒഴിച്ച് കടത്തുകയാണ് പുതിയ രീതി. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ കന്പിനയിലെ ജീവനക്കാരെ പോലും ഇതിനായി സ്വർണക്കടത്ത് സംഘം പ്രയോജനപ്പെടുത്തുന്നുണ്ട്.
വിവിധ ഇനം മോട്ടോർ പന്പുകൾ, മിക്സി, ഗ്രെയ്ൻഡർ, ഇസ്തിരിപ്പെട്ടി, വാക്വം ക്ലീനർ, എമർജൻസി ലാംപ്, ലാപ്ടോപ്പ്, കംപ്യൂട്ടർ ഗൈം സ്റ്റിക്ക് എന്നിവയുടെ ഭാഗങ്ങൾ മാറ്റിയാണ് സ്വർണം ഒളിപ്പിക്കുന്നത്.
ബെൽറ്റിന്റെ ബക്കിൾ, ഫാൻസി ബാഗിന്റെ അലങ്കാര ഭാഗങ്ങൾ, ട്രാവലർ ബാഗിന്റെ റീപ്പർ, തുണിത്തരങ്ങൾക്കുളളിൽ കടലാസ് പെട്ടിയുടെ പാളികൾക്കിടയിൽ, സൈക്കിളിന്റെ പെടൽ, ഷാഫ്റ്റ്, ഹാൻഡിൽ തുടങ്ങി സർവ വസ്തുക്കളിലും സ്വർണം ഒളിപ്പിക്കുന്നത് രൂപം മാറ്റിയാണ്.
മൊബൈൽ ഫോണിന്റെ ചാർജർ മാറ്റി പകരം സ്വർണക്കട്ടി ഒളിപ്പിച്ചുവച്ചതും അടുത്തിടെ പിടികൂടിയിരുന്നു. കസ്റ്റംസ് ഹാളിലെത്തിയപ്പോൾ യാത്രക്കാരൻ ഇടതടവില്ലാതെ ഫോണ് വിളിക്കുന്നതിൽ സംശയം തോന്നിയപ്പോഴാണ് മൊബൈിൽ പരിശോധിച്ചതും കളളക്കടത്ത് പിടികൂടിയതും. കള്ളക്കടത്തിന്റെ പുതിയ തന്ത്രങ്ങളും പൊളിച്ചടുക്കുകയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ.