കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഇന്‍ഷ്വറന്‍സ് പദ്ധതി സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് നടപ്പിലാക്കും. അതിനായുള്ള തയാറെടുപ്പിലാണ് സംസ്ഥാനസര്‍ക്കാര്‍. തുടക്കത്തില്‍ പദ്ധതിയോട് വിമുഖതകാണിച്ചെങ്കിലും കേന്ദ്രസര്‍ക്കാരുമായുള്ള തുടര്‍ ചര്‍ച്ചകളില്‍ സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിടുകയായിരുന്നു.
ഒരു കുടുംബത്തിന് വര്‍ഷത്തില്‍ അഞ്ചുലക്ഷം രൂപയ്ക്കുള്ള ആരോഗ്യചികിത്സാ ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് കേന്ദ്രത്തിന്റെത്.
2011-ലെ സെന്‍സസ് അടിസ്ഥാനത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ട പാവപ്പെട്ട കുടുംബങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. സംസ്ഥാനത്ത് ചെറിയ ശതമാനം കുടുംബങ്ങളേ ഈ പരിധിയില്‍ വരൂ. കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ രണ്ടുലക്ഷത്തിന്റെയും മൂന്നു ലക്ഷത്തിന്റെയും രണ്ടു സ്ലാബുകളാക്കി പദ്ധതിനടപ്പിലാക്കാനാണ് ആലോചിക്കുന്നത്.അതിനാലാണ് പദ്ധതി നടപ്പിലാക്കാൻ കാലതാമസം നേരിടുന്നത്.
ആയുഷ്മാന്‍പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്രവുമായി സംസ്ഥാനം ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. ഇതോടെ, നിലവിലുള്ള ആര്‍എസ്ബിവൈ പദ്ധതി ഇല്ലാതാകും. കാരുണ്യ പദ്ധതി ഉള്‍പ്പെടെയുള്ള മറ്റ് ആരോഗ്യപദ്ധതികള്‍ മുഴുവന്‍ ആയുഷ്മാന്‍ ഭാരതിന്റെ ഭാഗമാക്കി മാറ്റും.ആയുഷ്മാന്‍ഭാരത് പദ്ധതിയില്‍നിന്നു തികച്ചും വ്യത്യസ്തമായാണ് സംസ്ഥാനം ആരോഗ്യപദ്ധതി നടപ്പാക്കുക. നിലവിലുള്ള എല്ലാ പദ്ധതികളും കൂട്ടിയോജിപ്പിച്ച് പരമാവധി ആള്‍ക്കാരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
രാജ്യത്തെ പത്തുകോടിയോളം വരുന്ന പാവപ്പെട്ടവര്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പ്രതിവര്‍ഷം ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷയാണ് പദ്ധതിക്ക് കീഴില്‍ ലഭിക്കുക. സെപ്റ്റംബര്‍ 25 മുതല്‍ രാജ്യത്തെ യോഗ്യരായ ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്.
പദ്ധതിയില്‍ കേരളം ചേരാന്‍ വൈകിയതോടെയാണ് ആനൂകൂല്യം വൈകിയത്. സെപ്റ്റംബര്‍ 23-ന് ജാര്‍ഖണ്ഡില്‍ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനം ചെയ്തത്. ആശുപത്രിയില്‍നിന്ന് ചികിത്സ ലഭിക്കണമെങ്കില്‍ നിര്‍ദേശിക്കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതേണ്ടതുണ്ട്. പദ്ധതിയുടെ ഗുണഭോക്താവിന് രാജ്യത്തിന്റെ ഏത് ഭാഗത്തുമുള്ള കേന്ദ്രസര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏത് സര്‍ക്കാര്‍ / സ്വകാര്യ ആശുപത്രിയില്‍ നിന്നും കാഷ്ലെസായി ചികിത്സ തേടാന്‍ കഴിയും.
ചികിത്സാ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ചികിത്സ ഓരോ പാക്കേജ് നിരക്ക് അടിസ്ഥാനത്തിലാണ് ലഭിക്കുക.
ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കുന്നതിന് ഓരോ സംസ്ഥാനത്തിനും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ഉണ്ടായിരിക്കണം. കാഷ്ലെസ്- പേപ്പര്‍ലെസ് ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നീതി ആയോഗുമായി ചേര്‍ന്ന് ഒരു ഐടി പ്ലാറ്റ്ഫോമിന് രൂപം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലെ എല്ലാ ജില്ലകളിലും ലഭ്യമാകുന്ന ഈ പദ്ധതി യോഗ്യരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ആരോഗ്യ പരിരക്ഷ നല്‍കുകയാണ് പദ്ധതി ആരംഭിച്ചതിന് പിന്നിലുള്ള ദൗത്യം.
അംഗമാകേണ്ടവിധം
ആയുഷ്മാന്‍ ഭാരത് വെബ്സൈറ്റില്‍ലോഗിന്‍ ചെയ്യുക. ‘ഡൗണ്‍ലോഡ് ബെനെഫിഷറി ലിസ്റ്റ്’ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ താമസ സ്ഥലത്തിന് യോജിച്ച ‘റൂറല്‍ ‘ അല്ലെങ്കില്‍ ‘അര്‍ബന്‍ ‘തെരഞ്ഞെടുക്കുക.ഒറ്റത്തവണ പാസ് വേഡ് ലഭിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ നല്‍കുക. ഒടിപി നല്കിയാല് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും. ഭാവിയിലെ ആവശ്യത്തിനായി ലിസ്റ്റ് സേവ് ചെയ്തുവയ്ക്കാം.