പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് നടതുറക്കാനിരിക്കേ ദുരിതക്കയത്തിലായി അയ്യപ്പന്മാര്‍. പമ്പാ ഗണപതിക്ഷേത്രത്തിന് മുന്നില്‍ വിരി വെയ്ക്കാന്‍ അനുവദിക്കാതെ ഇരുനൂറിലധികം പേരെ പോലീസ് നിര്‍ബ്ബന്ധിതമായി ഒഴിപ്പിച്ചു. ഇവരോട് ഉടന്‍ മണല്‍പ്പുറത്തേക്ക് മടങ്ങണമെന്ന് പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. മാറാന്‍ തയ്യാറാകാതെ ഭജനം തുടങ്ങിയ ഇവരെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്. അഞ്ചു ദിവസം മുമ്പ് കെഎസ്ആര്‍ടിസി ബസില്‍ എത്തിയ ആന്ധ്രയില്‍ നിന്നുള്ളവരാണ് ഇവര്‍.
ഉറങ്ങിക്കിടന്നവരെയാണ് പോലീസെത്തി നിര്‍ബന്ധ പൂര്‍വം ഒഴിപ്പിച്ചത്.ക്ഷേത്ര പരസരത്ത് നിന്നും തങ്ങളെ മാറ്റാന്‍ പോലീസിന് അധികാരം ഇല്ലെന്നായിരുന്നു ഇവര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇവരുടെ വാദമൊന്നും സ്വീകരിക്കാന്‍ കൂട്ടാക്കാതെ പോലീസ് നിര്‍ബ്ബന്ധം തുടങ്ങിയതോടെ ഇവര്‍ മടങ്ങി. വെള്ളിയാഴ്ച ഉച്ചമുതല്‍ക്കേ ഭക്തരേ നിലയ്ക്കലേക്ക് കടക്കാന്‍ അനുവദിക്കൂ എന്നാണ് പോലീസ് പറയുന്നത്. ഇതോടെ എരുമേലി, കണമല, വടശ്ശേരിക്കര, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആള്‍ക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്.
നിലയ്ക്കലിന് പുറമേ എരുമേലിയിലും ഇന്ന് വാഹന പരിശോധന പോലീസ് നടത്തും. ശബരിമലയില്‍ ഇന്നലെ മുതല്‍ ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ ഉപറോഡുകളിലും സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, പ്രാര്‍ത്ഥനാ യജ്ഞങ്ങള്‍ എന്നിവ നടത്തുന്നത് നിരോധിച്ചിട്ടുണ്ട്്. നിലയ്ക്കലിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്ത സാഹചര്യത്തില്‍ എരുമേലിയില്‍ പോലീസ് അനുവദിച്ചിരിക്കുന്ന പാര്‍ക്കിംഗ് ഏരിയയില്‍ വാഹനങ്ങള്‍ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്.
പത്തുമണിക്ക് ശേഷമേ വാഹനങ്ങള്‍ കടത്തിവിടൂ എന്ന നിലപാടിലാണ് പോലീസ്. പത്തു മണിക്ക് ശേഷവും തടസ്സമുണ്ടായാല്‍ നിരോധനാജ്ഞ ലംഘിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ ബിജെപി നേതാക്കന്മാര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ദര്‍ശനത്തിന് എത്തിയ അയ്യപ്പന്മാര്‍ മുമ്പെങ്ങുമില്ലാത്ത ദുരിതമാണ് നേരിടുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ നിലയ്ക്കല്‍ എത്തി യാത്ര അവസാനിപ്പിക്കുകയാണ്. ആഹാരവും കുടിവെള്ളവും ലഭിക്കുവാനും ബുദ്ധിമുട്ട് നേരിടുകയാണ്. ശുചിമുറി സൗകര്യങ്ങളും അപര്യാപ്തമായി തുടരുന്നു. നിലയ്ക്കലില്‍ വഴിപാട് സാധനങ്ങളുമായി പോയ വാഹനങ്ങളെയും ദേവസ്വം ജീവനക്കാരേയും പോലീസ് തടഞ്ഞു. പമ്പാനദിയില്‍ വെള്ളം കുറഞ്ഞതിനാല്‍ കുളിക്കാനും ബുദ്ധിമുട്ടാണ്.