സ്വന്തം ലേഖകൻ
തൃശൂർ: അധികമാരും കണ്ടിട്ടില്ലാത്ത കലകളുടെ അവതരണത്തിലൂടെ പ്രശസ്തമായ പൂരപ്രേമി സംഘത്തിന്റെ പ്രതിമാസ പരിപാടിയായ കാലപ്രാമാണികത്തിൽ ഇത്തവണ അയ്യപ്പൻ തീയാട്ട് എന്ന പ്രാചീന അനുഷ്ഠാന ക്ഷേത്രകലാരൂപം കാണാം. ഈ വരുന്ന 13ന് തൃശൂർ പഴയനടക്കാവ് പാണ്ഡിസമൂഹമഠം ഹാളിലാണ് വൈകീട്ട് 6.30ന് അനുഷ്ഠാന കലാരത്നം മുളംകുന്നത്തുകാവ് തിയ്യാടി രാമൻ നന്പ്യാരും സംഘവും അയ്യപ്പൻ തീയാട്ട് അവതരിപ്പിക്കുക.
മധ്യോത്തര കേരളത്തിൽ ശാസ്താപ്രീതിക്കായി നടത്തുന്ന കലാരൂപമെന്നാണ് അയ്യപ്പൻതീയാട്ട് അറിയപ്പെടുന്നത്. പല കലകളുടേയും സംഗമമാണ് അയ്യപ്പൻ തീയാട്ട്. ഗീത-നൃത്ത-വാദ്യ-ചിത്ര-അഭിനയാദി സുകുമാര കലകളെല്ലാം ഇതിൽ സമന്വയിക്കുന്നുവെന്നതാണ് സവിശേഷത.
തൃശൂർ, പാലക്കാട് ജില്ലകളിൽ എട്ട് മൂലകുടുംബങ്ങളിലൊതുങ്ങുന്ന തിയ്യാടി നന്പ്യാർ സമുദായത്തിൽ പെട്ടവരാണ് കലയും അനുഷ്ഠാനവും ഇഴപിരിക്കാനാവാത്ത വിധത്തിലുള്ള ഈ ക്ഷേത്രകല ഇപ്പോഴും പാരന്പര്യ രീതിയിൽ അവതരിപ്പിച്ചുവരുന്നത്.
അനുഷ്ഠാന കലാരത്നം മുളംകുന്നത്തുകാവ് തിയ്യാടി രാമൻ നന്പ്യാർ, സഹോദരങ്ങളായ ഡോ.ടി.എൻ. വാസുദേവൻ നന്പ്യാർ, പ്രഫ.തിയ്യാടി കൃഷ്ണൻ നന്പ്യാർ, വാസുദേവൻ തൃപ്പൂണിത്തുറ എന്നിവർ ചേർന്നാണ് അയ്യപ്പൻ തീയാട്ട് അവതരിപ്പിക്കുന്നത്. കലാമണ്ഡലം ശ്രീജിത്തും മുളംകുന്നത്തുകാവ് രഞ്ജിത്തും ചെണ്ടയിൽ പക്കമേളം തീർക്കും.
പഞ്ചവർണപൊടികളാൽ വരയ്ക്കുന്ന അയ്യപ്പന്റെ കളവും തോറ്റങ്ങളെക്കൊണ്ടുള്ള കൊട്ടിപ്പാടലും പന്ത്രണ്ട് ഖണ്ഡങ്ങളായി തിരിച്ചിട്ടുള്ള അമൃതമഥനം കഥ മുദ്രക്കയ്യിലൂടെ അവതരിപ്പിച്ചു കാണിക്കുന്ന കഥകളിയുടെ പ്രാഗ്രൂപമായ കൂത്തും തായന്പകയുടെ പതികാലത്തിൽ തുടങ്ങി പതിഞ്ഞും ഇരട്ടിയും ക്രമേള മുറുകുന്ന പ്രദക്ഷിണവും എല്ലാം അയ്യപ്പൻതീയാട്ടിന്റെ അവതരണങ്ങളിൽ കാണാം.
കാലപ്രാമാണികത്തിന്റെ എട്ടാമത് പരിപാടിയായാണ് അയ്യപ്പൻതീയാട്ട് അവതരിപ്പിക്കുന്നതെന്ന് പൂരപ്രേമിസംഘം സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ പ്രസിഡന്റ് ബൈജു താഴേക്കാട്ട് എന്നിവർ അറിയിച്ചു.