സ്റ്റെപാനാകെർട്ട്: നാഗോർണോ-കരാബാക് പ്രദേശം ജനുവരി ഒന്നിന് അസർബൈജനിൽ ലയിക്കുമെന്ന് ഇവിടത്തെ സ്വയംപ്രഖ്യാപിത സർക്കാരിന്റെ പ്രസിഡന്റ് സാമുവൽ ഷഹ്റാമന്യൻ അറിയിച്ചു.
എല്ലാ സർക്കാർ സ്ഥാപനങ്ങളും ജനുവരി ഒന്നിനു പിരിച്ചുവിടാനുള്ള ഉത്തരവ് അദ്ദേഹം പുറപ്പെടുവിച്ചു. ജനങ്ങളുടെ സുരക്ഷയും താത്പര്യവും സംരക്ഷിക്കുന്നതിനാണു സർക്കാരിനെ പിരിച്ചുവിടുന്നതെന്നു പ്രസിഡന്റ് വ്യക്തമാക്കി.
മൂന്നു പതിറ്റാണ്ട് അർമേനിയൻ വംശജരുടെ നിയന്ത്രണത്തിലായിരുന്ന നാഗോർണോ-കരാബാക് പ്രദേശം അസർബൈജാൻ സേന കഴിഞ്ഞയാഴ്ചയാണ് പിടിച്ചെടുത്തത്.
നാഗോർണോ-കരാബാക്കിനെ അസർബൈജാന്റെ ഭാഗമായിട്ടാണ് അന്താരാഷ്ട്രസമൂഹം അംഗീകരിക്കുന്നത്.നാഗോർണോയിലെ 1.2 ലക്ഷം വരുന്ന അർമേനിയൻ വംശജരിൽ പാതിയും അയൽ രാജ്യമായ അർമേനിയയിലേക്കു പലായനം ചെയ്തുകഴിഞ്ഞു.
അസർബൈജാൻ സർക്കാർ നാഗോർണോയിൽ വംശീയ ഉന്മൂലനം നടത്തുന്നതായി അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്നിയാൻ ആരോപിച്ചു.
നാഗോർണോയിൽ നിരീക്ഷകരെ വിന്യസിക്കാനായി പാശ്ചാത്യശക്തികൾ അസർബൈജാനുമേൽ സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല.