ചാവക്കാട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേരെ അഞ്ച് വർഷം കഠിനതടവിന് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചു. വടക്കേക്കാട് കാഞ്ഞിരപ്പുള്ളി ഫാജിദ് (ഷാജി 44), സഹോദരൻ കാഞ്ഞിരപ്പുള്ളി ഫൈസൽ(42), വൈലത്തൂർ നാറാണത്ത് അബ്ദുൽ ഖയും(45), വൈലത്തൂർ ഞമനേങ്ങാട് വെള്ളത്തടത്തിൽ കരീം(43) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2014 ജനുവരി ഒന്പതിനാണ് കേസിനാസ്പദമായ സംഭവം. വടക്കേക്കാട് പുക്കയിൽ അസീക്കിനെ മാരകായുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ചെന്നാണ് കേസ്. വടക്കേക്കാട് മുക്കിലപ്പീടിക കല്ലുങ്ങൽ റോഡിൽവച്ച് സ്കൂട്ടറിൽ വരികയായിരുന്ന അസീക്കിനെ ജീപ്പുപയോഗിച്ച് തടഞ്ഞുനിർത്തി നാലംഗസംഘം ഇരുന്പു പൈപ്പുകൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ അസീക്കിന്റെ തലയ്ക്കും ശരീരത്തിനും സാരമായ പരിക്കേറ്റിരുന്നു. സിഐമാരായിരുന്ന കെ.ജി. സുരേഷ്, സിബിച്ചൻ ജോസഫ്, കെ.ടി. സലീൽ എന്നിവരാണ് കേസന്വേഷണം നടത്തിയത്.
പ്രോസിക്യൂഷനു വേണ്ടി കെ.ബി. സുനിൽകുമാർ ഹാജരായി.