നാദാപുരം: വിദ്യാര്‍ഥി വീടിനകത്തു തൂങ്ങി മരിച്ച സംഭവം കൊലപാതകമെന്നു സൂചന. നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസി (17) നെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് വീണ്ടും വഴിത്തിരിവിലെത്തിയിരിക്കുന്നത്. ജീവനൊടുക്കിയതാണെന്ന റിപ്പോർട്ടോടെ പോലീസ് അന്വേഷണം അവസാനിപ്പിച്ച സംഭവമായിരുന്നു അസീസിന്റെ മരണം.
അസീസിനെ വീടിനകത്തുവച്ചു ഒരു യുവാവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് ദുരൂഹത വീണ്ടുമുയർന്നിരിക്കുന്നത്. 2020 മെയ് 17നാണ് അസീസിനെ വീട്ടിനകത്തു ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസീസിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രണ്ടു ദിവസമായി പ്രചരിക്കുന്നുണ്ട്.
അന്നേ സംശയം!
അസീസിന്റെ മരണം കൊലപാതകമാണെന്ന് സംഭവ ദിവസം തന്നെ നാട്ടുകാരും മാതാവിന്റെ ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു.സംഭവത്തില്‍ നാദാപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു മൂന്നാം ദിവസം തന്നെ കേസ് ജില്ല ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും മറ്റ് സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തില്വിദ്യാര്ഥി തൂങ്ങി മരിച്ചതാണെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും അവസാനിപ്പിച്ചു. അതിനിടെയാണ് കൊടും പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് .
രണ്ട് മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ അസീസിനെ യുവാവ് ക്രൂരമായി ആക്രമിക്കുന്നതു കാണാം. അസീസിന്റെ കഴുത്തില്‍ ചുറ്റിപിടിച്ചു നിലത്തു വീഴ്ത്തി ശ്വാസം മുട്ടിക്കുന്നതും നെഞ്ചിലും മുഖത്തും ശക്തിയായി ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ശ്വാസം ലഭിക്കാനാകാതെ അസീസ് പിടയുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം. ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്നു വിദ്യാര്‍ഥി പിന്നീടു ബോധരഹിതനാവുന്നതും യുവാവ് അസീസിന്റെ നെഞ്ചില്‍ തടവുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. മർദിക്കുന്നതു വിദ്യാർഥിയുടെ സഹോദരൻ തന്നെയാണെന്നാണ് ദൃശ്യങ്ങളിലെ സൂചന.
വീണ്ടും അന്വേഷിക്കും
വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടതോടെ കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നത്. പോസ്റ്റ്മോര്‍ട്ടത്തിലും കൊലപാതക സൂചനകളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് നല്കുന്ന വിവരം.
അസീസിന്റെ മരണം നടന്ന വീട്ടില്‍വച്ചാണ് വീഡിയോ റിക്കോര്‍ഡ് ചെയ്യപ്പെട്ടതെന്നാണ് സൂചന. ഈ വീഡിയോ പുറത്തുവന്നതോടെ മർദനത്തിനൊടുവിൽ വിദ്യാര്‍ഥി മരണപ്പെട്ടതാണെന്ന സംശയമാണ് ബലപ്പെടുന്നത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സംഭവത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വടകര ഡിസിആര്‍ബി ഡിവൈഎസ്പി യെ ചുമതലപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ഡോ.എ. ശ്രീനിവാസ് പറഞ്ഞു.
ദൃശ്യങ്ങൾ പുറത്തുവന്നത്…
കോഴിക്കോട്: മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്നു പോലീസിനു മുന്നിൽ ഉത്തരം കണ്ടെത്തേണ്ട നിരവധി ചോദ്യങ്ങൾ ബാക്കി. മർദനം നടക്കുന്ന മുറിയിൽനിന്നു തന്നെ ചിത്രീകരിച്ച രീതിയിലാണ് വീഡിയോ കാണപ്പെടുന്നത്.
ആരെങ്കിലും ഇതു മൊബൈൽ ഫോണിൽ ചിത്രീകരിച്ചതാണോ?
മർദിച്ചയാൾ അറിയാതെ എടുത്തതാണോ? അതോ മറ്റാരെങ്കിലും കൂടി മർദനം നടക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നോ? ആരാണ് ഇതു സോഷ്യൽ മീഡിയയിൽ ആദ്യമായി പോസ്റ്റ് ചെയ്തത് തുടങ്ങി നിരവധി ചോദ്യങ്ങൾക്കു പോലീസ് ഉത്തരം കണ്ടെത്തിയാൽ മാത്രമേ യാഥാർഥ്യം പുറത്തുവരൂ.
2020 മേയ് 17ന് നടന്ന സംഭവവുമായി ബന്ധപ്പെട്ടതെന്ന് ആരോപണമുള്ള വീഡിയോയാണ് ഒരു വർഷത്തോളം ആയപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത്രയും കാലം ആരാണ് ഈ വിഡിയോ സൂക്ഷിച്ചത്… എന്തുകൊണ്ട് ആ സമയത്ത് പുറത്തുവരാതിരുന്നത്?
ഭീഷണി മൂലം പുറത്തുവിടാഞ്ഞതാണോ? ഇപ്പോൾ പുറത്തുവരാനുണ്ടായ സാഹചര്യം എന്താണ്? യുവാവിനെ മർദിച്ചത് എന്തു കാരണത്തിന്റെ പേരിലാണ് തുടങ്ങി നിരവധി കാര്യങ്ങളും ഇനി പുറത്തുവരേണ്ടിയിരിക്കുന്നു.