കോഴിക്കോട്: ദുരൂഹമായി മരിച്ച 16 കാരനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം പകര്‍ത്തിയത് സഹോദരിയെന്ന് പോലീസ്. കോഴിക്കോട് നാദാപുരം നരിക്കാട്ടേരി സ്വദേശി അബ്ദുള്‍ അസീസിനെ സഹോദരന് കഴുത്ത് ഞെരിക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ഇത് പകര്‍ത്തിയത് സഹോദരിയാണെന്നാണ് സംശയിക്കുന്നതെന്ന് കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജു ജോസ് രാഷ്ട്ര ദീപികയോട് പറഞ്ഞു. ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തായതിന് പിന്നാലെ അസീസിന്റെ വീട്ടുകാര്‍ മറ്റൊരിടത്തേക്ക് താമസം മാറിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പിനുശേഷം സഹോദരി ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും ഡിവൈഎസ്പി പറഞ്ഞു.ആത്മഹത്യയെന്ന് പോലീസ് കണ്ടെത്തിയ അസീസിന്റെ മരണം കൊലപാതകമെന്ന സൂചനയിലേക്കാണ് നീങ്ങുന്നത്. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ കേസില്‍ തുടരന്വേഷണം നടത്താന്‍ വടകര റൂറല്‍ എസ്പി ഡോ.ബി. ശ്രീനിവാസ് നിര്‍ദേശം നല്‍കുകയായിരുന്നു.
തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചത്. 2020 മേയ് 17നാണ് അബ്ദുള്‍ അസീസ് മരിച്ചത്. ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലീസ് ആത്മഹത്യയെന്ന നിഗമനത്തില്‍ കേസന്വേഷണം അവസാനിപ്പിച്ചതാണ്. കൊലപാതകമെന്ന സംശയത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ ജില്ലാ ക്രൈംബ്രാഞ്ച് വീണ്ടും കേസേറ്റെടുത്തു.
അവരും ആത്മഹത്യയെന്ന നിഗമനത്തിലെത്തി.അസീസിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി.പുറത്തു വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് വടകര റൂറല്‍ എസ്.പി ഉത്തരവിട്ടത്.
ദൃശ്യങ്ങളില്‍ കാണുന്ന അസീസിന്റെ സഹോദരന് വിദേശത്താണ്. ദൃശ്യം പകര്‍ത്തിയയാളെ കണ്ടെത്തിയാല്‍ സഹോദരനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. അതേസമയം അസീസിന്റെത് കൊലപാതകമാണെന്ന ഉറച്ച വിശ്വാസത്തിലാണ് നാട്ടുകാര്‍.