അമരവിള: കഴിഞ്ഞ ശനിയാഴ്ച വെള്ളറടക്ക് സമീപം ചാമവിള ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കാനെത്തിയ മിമിക്രി താരം അസീസ് നെടുമങ്ങാടിനെ സംഘാടകർ മർദിച്ചു എന്ന ആരോപണം തെറ്റാണെന്ന് ക്ഷേത്രകമ്മറ്റി. അന്നേ ദിവസം രണ്ട് മണിക്കൂറോളം വൈകി പരിപാടിക്കെത്തിയ ടീം ഓഫ് ട്രിവാഡ്രത്തിലെ കലാകാരനും ചലച്ചിത്ര സീരിയൽ താരവുമായ അസീസിനെ 10 ഓളം പേരടങ്ങുന്ന സംഘാടകർ മർദിച്ചെന്ന് അസീസ് പോലീസിന് മൊഴി നൽകിയിരുന്നു
.എന്നാൽ വൈകി എത്തിയ താരങ്ങളെ കാണാൻ എത്തിയ ചില കാണികളാണ് ആക്രമിച്ചതെന്നും സംഭവമറിഞ്ഞ് എത്തിയ സംഘാടകർ മർദനം തടയാനാണ് ശ്രമിച്ചതെന്ന് കമ്മറ്റി പ്രസിഡന്റ് ബിബിൻ പറഞ്ഞു. രണ്ടായിരത്തോളം കാണികളാണ് പരിപാടി കാണാൻ എത്തിയിരുന്നതെന്നും ഇതിൽ ചിലർ പ്രകോപനം കാണിച്ചാൽ നിയന്ത്രിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ലെന്നും ക്ഷേത്രകമ്മറ്റി വിശദീകരിച്ചു.
എന്നാൽ അസീസ് വിദേശത്തു നിന്ന് നേരിട്ട് ചാമവിള ക്ഷേത്രത്തിലേക്ക് പരിപാടി അവതരിപ്പാക്കാൻ എത്തിയതല്ലെന്ന് തെളിയിക്കുന്ന രേഖകളും ഷോകാർഡുകളും ക്ഷേത്രകമ്മറ്റി അംഗങ്ങൾ മാധ്യമങ്ങൾക്ക് നൽകി .
അന്നേ ദിവസം രാത്രി ഒന്പതിന് വോഡാ ഫോണ് കോമഡി ഷോ എന്ന പേരിൽ കൊല്ലത്തിന് സമിപം അസീസ് പരിപാടി അവതരിപ്പിച്ചിട്ടാണ് ചാമവിളയിൽ എത്തിയതെന്നും ഈ പ്രോഗ്രാമിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസിനു കൈമാറിയിട്ടുണ്ടെന്നും ക്ഷേത്രകമ്മറ്റി പറഞ്ഞു. അന്നേ ദിവസം പരിപാടി കഴിഞ്ഞ ശേഷം കരാർ പറഞ്ഞുറപ്പിച്ച 46000 രൂപാ പാറശാല സർക്കിൾ ഇൻസ്പെക്ടറുടെ സാനിധ്യത്തിൽ ടീമിന് നൽകിയെങ്കിലും അത് സ്വീകരിക്കാൻ ട്രൂപ്പ് തയാറായില്ലെന്നും കമ്മറ്റി അംഗങ്ങൾ പറഞ്ഞു.
ക്ഷേത്ര സന്നിധിയിൽ കലാകാരൻമാർക്ക് നെരെ നടന്ന ആക്രമണത്തെ ന്യായീകരിക്കാനാവില്ലെന്നും ട്രൂപ്പിനെതിരെയുണ്ടായ ആക്രമണത്തിൽ ക്ഷമ ചോദിക്കുന്നെന്നും അവർ പറഞ്ഞു . സംഭവത്തിൽ പ്രതികളായവരെ പോലീസ് എത്രയും വേഗം കണ്ടെത്തണമെന്നും കമ്മറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു.നെയ്യാറ്റിൻകര പ്രസ് ക്ലബിൽ നടന്ന പത്ര സമ്മേളനത്തിലാണ് കമ്മറ്റി അംഗങ്ങൾ ഇക്കാര്യങ്ങൾ വിശദീകരിച്ചത്