ടി.ജി. ബൈജുനാഥ്
മിമിക്രി, സ്കിറ്റ്, ചാനല്‍ വേദികളില്‍ ചിരിയുടെ വെടിക്കെട്ടു തീര്‍ക്കുന്ന അസീസ് നെടുമങ്ങാട് മെഗാ, സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുള്ള നിര്‍ണായക വേഷങ്ങളിലൂടെ സിനിമയില്‍ സജീവമാകുന്നു. മമ്മൂട്ടി കമ്പനി നിര്‍മിച്ച ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ കണ്ണൂര്‍ സ്ക്വാഡില്‍ മമ്മൂട്ടിക്കൊപ്പം പോലീസ് വേഷം. രതീഷ് രഘുനന്ദന് സംവിധാനം ചെയ്ത തങ്കമണിയില്‍ ദിലീപിനൊപ്പമുള്ള വേഷം. ജയ ജയ ജയ ജയ ഹേയില്‍ ബേസിലിനൊപ്പമുള്ള അനി എന്ന കഥാപാത്രമാണ് അസീസിന്റെ കരിയറിലെ ആദ്യ വഴിത്തിരിവ്. മിമിക്രി വേദികളില്‍നിന്നു സിനിമയിലെത്തിയ കഥ അസീസ് പങ്കുവയ്ക്കുന്നു.
പൃഥ്വിയുടെ കൈപിടിച്ച്
സ്കൂള്നാടകങ്ങളിലായിരുന്നു തുടക്കം. സുരാജിന്റെ പരിപാടികള്‍ കണ്ട് മിമിക്രി മനസില്‍ കയറി. പത്തില്‍ പഠിക്കുമ്പോള്‍ മിമിക്സ് ഗാനമേളയില്‍ മ്യൂസിക് ചെയ്യാന്‍ തിരുവനന്തപുരം മാഗ്നെറ്റോയിലെത്തി. സ്കിറ്റ് റിഹേഴ്സലിനിടെ ഒരു കഥാപാത്രത്തിന്റെ ഡമ്മിയായിരുന്ന ഞാൻ ഡയലോഗ് പറഞ്ഞു പെർഫോം ചെയ്തതോടെ എല്ലാവരും ഞെട്ടി. അടുത്ത റിഹേഴ്സലില്‍ ആ വേഷം എനിക്കു കിട്ടി.
പ്രോഗ്രാമുകളുടെ തിരക്കായതോടെ ആദ്യ തവണ പത്തില്‍ തോറ്റെങ്കിലും സുരാജ് വെഞ്ഞാറമൂട്, തിരുമല ചന്ദ്രന് എന്നിവരുടെ ട്രൂപ്പുകളിലൂടെ തിരുവനന്തപുരത്തെ പ്രധാന മിമിക്രി ആര്‍ട്ടിസ്റ്റുകളിലൊരാളായി. ഒരിക്കൽ ഞാനും അമ്മാവന്റെ മകനും കൂടി പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷന് തുടങ്ങാന്‍ പ്ലാനിട്ട് “നമ്മള് തമ്മില്‍’ സെറ്റിലെത്തി.
ഒരു സീനില്‍ പൃഥ്വിയെ എടുത്തുയര്‍ത്താന്‍ ഒപ്പമുള്ളവർക്കു കഴിയാതെവന്നു. പൃഥ്വി എന്നെ അടുത്തുവിളിച്ച് ഒരു കൈ സഹായം തേടി. പത്തിരുപതു ദിവസം ഞാനവിടെ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി. അങ്ങനെ പൃഥ്വിയുടെ കൈപിടിച്ചു ഞാന്‍ സിനിമയിലെത്തി.
ആക്ഷന്‍ ഹീറോ ബിജു
ഇടക്കാലത്തു ഗള്‍ഫില്‍ പോയെങ്കിലും മനസ് സ്റ്റേജുകളിലായിരുന്നു. ഒരു കൊല്ലം തികയുംമുമ്പേ വിസ പ്രശ്നമായി നാട്ടിലെത്തി മിമിക്രി തുടര്‍ന്നു. കോമഡി സ്റ്റാര്‍ കാലത്താണ് ‘തത്സമയം ഒരു പെണ്‍കുട്ടി’യില്‍ വേഷം കിട്ടിയത്. തുടര്‍ന്നു സജി സുരേന്ദ്രന്റെ ‘കുഞ്ഞളിയനി’ല്‍ അവസരം. ഓഡിഷന് വഴി ‘ആക്ഷന്‍ ഹീറോ ബിജു’വിലും വേഷം. അതിലൂടെ ട്രോളുകളിലും നിറഞ്ഞു. പ്രഫഷണല്‍ പ്രോഗ്രാമുകളുടെ തിരക്കായി. വര്‍ഷം 250 -300 പരിപാടികള്‍ വരെ. ഇങ്ങനെ പോയാല്‍ മിമിക്രിയില്‍ തുടരാം. സിനിമയെന്ന ലക്ഷ്യത്തിലെത്തില്ല. ട്രൂപ്പ് നിര്‍ത്തി ചാന്‍സ് തേടാന്‍ ധൈര്യം പകര്‍ന്നതു ഭാര്യ. എറണാകുളത്തു തങ്ങി സജീവമായ സിനിമാ അന്വേഷണം. ഒപ്പം, സ്റ്റാര്‍ മാജിക്കിലും പങ്കെടുത്തുതുടങ്ങി.
ജയ ജയ ജയ ജയ ഹേ
സ്റ്റാര്‍ മാജിക്കിനിടെയാണ് കരിയറിലെ ആദ്യ മാജിക്. തിരക്കഥാകൃത്ത് റാഷിദ് വഴി ‘ജയ ജയ ജയ ജയ ഹേ’യില്‍ അവസരം. ബേസിലിനൊപ്പം ആദ്യാവസാനമുള്ള വേഷം. ഒപ്പം, ദര്‍ശനയും. മിന്നല്‍ മുരളിയിലാണ് ബേസിലിനൊപ്പം ആദ്യമായി വര്‍ക്ക് ചെയ്തത്. ജയ ഹേയുടെ ഫസ്റ്റ് കട്ട് വന്നപ്പോള്‍ ഞാന്‍ പൊളിച്ചടുക്കിയെന്നു ബേസിലിന്റെ മെസേജ്. ഞാന്‍ ഞെട്ടി.
പടം വമ്പന്‍ ഹിറ്റ്. തുടര്‍ന്നുവന്ന ചെറിയ വേഷങ്ങള്‍ ഒഴിവാക്കി. അങ്ങനെ സ്റ്റാര്‍ മാജിക്കില്‍ തുടരുമ്പോഴാണ് കണ്ണൂര്‍ സ്ക്വാഡില്‍നിന്നു കോള്‍ വന്നത്.
കണ്ണൂര്‍ സ്ക്വാഡ്
കണ്ണൂർ സ്ക്വാഡിൽ മമ്മൂട്ടിയുടെ കഥാപാത്രം ജോര്‍ജ് മാര്ട്ടിന് എഎസ്ഐയാണ്. ഡോ. റോണിയും ശബരീഷും ഞാനുമാണ് സ്ക്വാഡിലെ മറ്റു പോലീസുകാർ. ജോസ് സ്കറിയ…അതാണ് എന്റെ കഥാപാത്രം. മമ്മൂക്കയാണ് എന്നെ ഈ വേഷത്തിലേക്കു നിർദേശിച്ചത്. ഒളിവില്‍ പോയ ഇതര സംസ്ഥാന കുറ്റവാളികളെ അവരുടെ നാട്ടില്‍ ചെന്നു പിടികൂടിയ കണ്ണൂര്‍ സ്ക്വാഡിന്റെ കഥയാണിത്. തൃക്കരിപ്പൂരിലെ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ നടന്ന സംഭവമാണ് കഥയ്ക്കു പിന്നില്‍.
മുംബൈ, പൂന ഉള്‍പ്പെടെ ഒറിജിനല്‍ കണ്ണൂര്‍ സ്ക്വാഡ് സഞ്ചരിച്ച റൂട്ട് തന്നെയാണ് കഥയിലും. നിലവിലെ കണ്ണൂര്‍ സ്ക്വാഡിലെ ചിലര്‍ സെറ്റിൽ വന്നിരുന്നു. അവരിലൊരാളിന്റെ കണ്ണിനടുത്ത് വലിയൊരു മുറിവിന്റെ അടയാളം. ഡയറക്ടര്‍ റോബിയുടെ സമ്മതത്തോടെ അത് എന്റെ കഥാപാത്രത്തിന്റെ നെറ്റിയില്‍ ചേര്‍ത്തു. കഥാപാത്രമാകാൻ മൂന്നു മാസം ജിമ്മില്‍ പരിശീലനം. അരിയാഹാരം ഒഴിവാക്കി. നന്നായി മെലിഞ്ഞു. ശരീരഭാരം 84 കിലോയില്‍നിന്ന് 78 കിലോയിലെത്തിച്ചു.
പ്രമോഷനിടെ മമ്മൂക്കയില്‍ നിന്നുണ്ടായ അഭിനന്ദനം എനിക്കു നാഷണല്‍ അവാര്‍ഡിനും മേലെയാണ്. മുമ്പ് പരോളിലെ കൊട്ടാരം വാസുവായി എന്നെ നിർദേശിച്ചതും അദ്ദേഹമാണ്. പിന്നീടു വണ്‍ സിനിമയിലും വേഷം തന്നു. സെറ്റിലെ ഇടവേളകളിൽ യൂ ട്യൂബിൽ കോമഡി വീഡിയോകള്‍ കണ്ടു രസിച്ച് അതിലെ കലാകാരന്മാരെപ്പറ്റി മമ്മൂക്ക നല്ല വാക്കുകള്‍ പറഞ്ഞതിനും ഞാന്‍ സാക്ഷിയാണ്. അടുത്താലേ അദ്ദേഹത്തെ മനസിലാക്കാനാവൂ. ദേഷ്യപ്പെട്ടാലും വൈരാഗ്യബുദ്ധിയോടെ പെരുമാറില്ലെന്നുറപ്പാണ്.
കൈ നിറയെ
കണ്ണൂര്‍ സ്ക്വാഡിനിടെയാണ് തങ്കമണിയിലേക്കു വിളിച്ചത്. അതിൽ ദിലീപിന്റെ കഥാപാത്രത്തിന്റെ കൂട്ടുകാരൻ. ടോവിനോയുടെ “അന്വേഷിപ്പിന്‍ കണ്ടെത്തും’ സിനിമയില്‍ സിഐ വേഷം. പായല്‍ കപാഡിയയുടെ ഹിന്ദി സിനിമയില്‍ കനികുസൃതിക്കൊപ്പം മലയാളി കഥാപാത്രം. ധ്യാനും ഇന്ദ്രന്സുമുള്ള സിനിമയാണ് ഇപ്പോള്‍ ചെയ്യുന്നത്.
വിപിന്‍ദാസിന്റെ കഥയില്‍ അദ്ദേഹത്തിന്റെ അസോസിയേറ്റ് സംവിധാനം ചെയ്യുന്ന പടത്തിലും വേഷമുണ്ട്. ജീത്തുജോസഫിന്റെ നുണക്കുഴിയില്‍ ബേസിലിനൊപ്പം പോലീസ്വേഷം. ചെമ്പന്‍ വിനോദ്, ശ്രീനാഥ്ഭാസി, സെന്തില്‍ എന്നിവര്‍ക്കൊപ്പം ചെയ്ത ‘ഇടി മഴ കാറ്റ്’ റിലീസിനൊരുങ്ങി. എന്റെ അടിസ്ഥാനം മിമിക്രി തന്നെയാണ്. ഇപ്പോള്‍ ട്രൂപ്പിൽ ഇല്ലെങ്കിലും സ്റ്റേജ് ഷോകളില്‍ ഇനിയും മിമിക്രിയുമായി വരും. അതാണല്ലോ ഞാന്‍ വന്ന വഴി.