കരുനാഗപ്പള്ളി : അഴീക്കൽ ബീച്ചിന്റെവികസനത്തിന് ഉണർവേകി ജില്ലാ പഞ്ചായത്തിന്റെ ടൂറിസം വികസന പദ്ധതി. തണ്ണീർപന്തൽ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയ്ക്കായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ കഴിഞ്ഞ ദിവസം നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ നടന്നത്.
തുറമുഖ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സെന്റ് സ്ഥലമാണ് പദ്ധതിയ്ക്കായി വിട്ടു നൽകുന്നത്. ഇതു സംബന്ധിച്ച നിയമ നടപടികളെല്ലാം സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.അഴീക്കൽ ബീച്ചിലേക്കെത്തുന്ന സന്ദർശകർക്ക് സഹായമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തണ്ണീർ പന്തൽ പദ്ധതി നടപ്പാക്കുന്നത്.
കോഫി സ്റ്റാൾ, എ ടി എം കൗണ്ടർ, ടോയ് ലറ്റ് മുലയൂട്ടുന്ന അമ്മമാർക്കായി ഫീഡിംഗ് സെന്റർ തുടങ്ങിയ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ഇരുപത്തി അഞ്ചു ലക്ഷം രൂപയാണ് ഇതിനായി മാറ്റി വച്ചിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പറഞ്ഞു.
ജില്ലയിലെ മൂന്നോ നാലോ ടൂറിസം മേഖലകളിൽ കൂടി “ടേക് എ ബ്രേക്ക് ” മാതൃകയിൽ പദ്ധതി നടപ്പാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. കൊല്ലം ആലപ്പുഴ ജില്ലകളുടെ അതിർത്തി പങ്കിടുന്ന അഴീക്കൽ ബീച്ചിലേക്ക് നൂറുകണക്കിന് പേരാണ് സന്ദർശകരായി എത്തിച്ചേരുന്നത്.
എന്നാൽ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.അഴീക്കലിനെയും വലിയഴീക്കലിനെയും ബന്ധിപ്പിച്ച് പണി പൂർത്തിയായി കൊണ്ടിരിക്കുന്ന അഴിമുഖത്തിന് കുറുകെയുള്ള പാലത്തിന്റെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്.
ഈ പാലം കൂടി യാഥാർത്ഥ്യമാകുന്നതോടെ നിരവധി വിനോദ സഞ്ചാരികൾ ഉൾപ്പടെ ബീച്ചിൽ എത്തുന്നതിന് സൗകര്യമൊരുങ്ങും. ഇതു കൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ് ടൂറിസം വികസന പദ്ധതി ജില്ലാ പഞ്ചായത്ത് യാഥാർത്ഥ്യമാക്കുന്നത്.
.