വൈപ്പിൻ: ജെട്ടിയിൽ നാലുകുറ്റികൾ തറയ്ക്കുന്നതിനായി അഴീക്കോട്-മുനന്പം ജങ്കാർ സർവീസ് നിർത്തിച്ചിട്ട് ഒന്നേമുക്കാൽ വർഷം. സർവീസ് പുനരാരംഭിക്കാത്തതിനാൽ ജനങ്ങൾ ദുരിതത്തിൽ. മുനന്പം-അഴീക്കോട് മത്സ്യമേഖലയ്ക്കാണ് ഇത് തിരിച്ചടിയായിരിക്കുന്നത്.
ജങ്കാർ വിഷയത്തിൽ ജനങ്ങളുടെ ദുരിതമറിയാതെ ഉത്തരവാദിത്വപ്പെട്ട തൃശൂർ ജില്ലാപഞ്ചായത്ത് ഒളിച്ചുകളിക്കുകയാണെന്ന് വിവിധ കോണുകളിൽനിന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. അഴീക്കോട് ജങ്കാർ ജെട്ടിയിലെ നാലു കുറ്റികൾ ബാർജ് ഇടിച്ച് തകരാറിലായതിനാൽ ഇവ മാറ്റി സ്ഥാപിക്കാൻ ജില്ലാപഞ്ചായത്ത് തീരുമാനമെടുത്തിരുന്നു.
ഹാർബർ എൻജിനീയറിംഗ് വകുപ്പ് 38 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിരുന്നു. പദ്ധതി തുക ജിഎസ്ടി ഉൾപ്പെടെ ഓണ് ഫണ്ടിൽ നിന്നു നൽകാൻ പഞ്ചായത്ത് സമ്മതിക്കുകയും ചെയ്തുവത്രേ. ഇതുപ്രകാരം ഒരാൾ കരാറെടുത്തിരുന്നെങ്കിലും വർക്ക് ഏറ്റെടുക്കാതെ മുങ്ങിയെന്നാണ് ജില്ലാപഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നത്.
പുതിയ കരാറുകാരൻ വരുമെന്നും ഇവർ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതിനുശേഷം ഒരു വർഷത്തോളമായിട്ടും കുറ്റികൾ മാറ്റി സ്ഥാപിക്കാൻ ആരും എത്തിയില്ല. നാലുകുറ്റികൾ മാറ്റി സ്ഥാപിക്കുന്നതിന്റെ പേരിൽ ഒന്നേമുക്കാൽ വർഷത്തോളമായി ഒരു പൊതു സർവീസ് നിർത്തിവച്ച് ജനങ്ങളെ കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥൻമാർക്കെതിരേ നടപടി വേണമെന്നാണ് സ്ഥിരം യാത്രക്കാരുടെ ആവശ്യം.
എറണാകുളം-തൃശൂർ ജില്ലയുടെ പടിഞ്ഞാറൻ മേഖലകൾ തമ്മിൽ എളുപ്പത്തിൽ ബന്ധപ്പെടാനും മത്സ്യബന്ധന മേഖലയിൽ നിന്നുള്ള വാഹനങ്ങൾക്ക് മത്സ്യവുമായി വടക്കൻ ജില്ലകളിലെ മാർക്കറ്റുകളിലേക്ക് എളുപ്പത്തിൽ എത്താനുമുള്ള ഒരു മാർഗമാണ് മുനന്പം-അഴീക്കോട് ജങ്കാർ സർവീസ്.
വിദ്യാർഥികൾക്കും ഒട്ടനവധി യാത്രക്കാർക്കും സുരക്ഷിതമായി അഴിമുഖം മുറിച്ച് യാത്രചെയ്യാനും ജങ്കാർ സർവീസ് ആണ് ആശ്രയം.
സർവീസ് നിലച്ചതോടെ കരാറുകാരന് ഇവിടെ ബോട്ട് സർവീസ് നടത്താൻ ജില്ലാപഞ്ചായത്ത് അനുമതി നൽകിയെങ്കിലും ഉൾനാടൻ ജലാശയങ്ങളിൽ ടൂറിസ്റ്റ് സർവീസിനു ഉപയോഗിക്കുന്ന ബോട്ടാണ് അഴിമുഖം മുറിച്ചുള്ള ഫെറി സർവീസിന് ഉപയോഗിക്കുന്നത്.