തൃശൂർ: അഴീക്കോട്-മുനന്പം ജങ്കാറിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും അറ്റക്കുറ്റപ്പണികൾക്കുമായി ജില്ലാ പഞ്ചായത്ത് 37 ലക്ഷം രൂപ ചെലവഴിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്. ഏഴുമാസമായി സർവീസ് മുടങ്ങിയ ജങ്കാറിന്റെ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കാൻ 10 ലക്ഷം രൂപ മുൻകൂറായി നൽകിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാപഞ്ചായത്ത് യോഗത്തിൽ അറിയിച്ചു.
അഴീക്കോട് -മുനന്പം ജങ്കാർ പ്രവർത്തനം ഉടൻ തുടങ്ങണമെന്നും അതിന്റെ പുനർനിർമാണം വേഗത്തിൽ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് കാട്ടകാന്പാൽ ഡിവിഷൻ അംഗം കെ. ജയശങ്കർ നൽകിയ അടിയന്തര പ്രമേയ നോട്ടിസീലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഇക്കാര്യം അറിയിച്ചത്.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിലെ ചേർപ്പ്, പാറളം, വല്ലച്ചിറ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ കടവല്ലൂർ 2018-19 വർഷത്തെ തൊഴിലുറപ്പ് പദ്ധതി പ്രകാരം കൂലിയിതരയിനത്തിൽ 25029890 രൂപ വകയിരുത്തിയതായും 203420 തൊഴിൽ ദിനങ്ങൾ ഇതിനായി മാറ്റിവെയ്ക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
യോഗത്തിൽ വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ്, സ്ഥിരം സമിതി അംഗങ്ങളായ കെ.ജെ. ഡിക്സണ്‍, എം. പത്മിനി, ജെന്നി ജോസഫ്, മഞ്ജുള അരുണൻ തുടങ്ങിയവർ പങ്കെടുത്തു.