പയ്യന്നൂര്‍: ഏഴിമല നേവല്‍ അക്കാഡമിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിതരണം ചെയ്യാന്‍ മടിച്ചിരുന്ന തലശേരിയിലെ ബന്ധപ്പെട്ട തഹസില്‍ദാര്‍ ഇന്നലെ മൂന്നുപേര്‍ക്കുള്ള തുക ട്രഷറിയില്‍ അടച്ചു. ഇതോടെ തെളിഞ്ഞത് ഈ ഉദ്യോഗസ്ഥന് രാജ്യരക്ഷയ്ക്കായി സര്‍വതും ത്യജിക്കേണ്ടി വന്നവര്‍ക്ക് നേരെ നടത്തിയ വഞ്ചനയുടെ മുഖം.
കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച പണം വിതരണം ചെയ്യാതെ ലാപ്സാക്കിക്കളഞ്ഞതും ഇതേത്തുടര്‍ന്ന് പണം ലഭിക്കുന്നതിനായുള്ള ആളുകളുടെ നെട്ടോട്ടവും ഇന്നലെ രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചിരുന്നു.
നഷ്ടപരിഹാരം ലഭിക്കുന്നതിനായി അനുകൂല കോടതിയുത്തരവും തളിപ്പറമ്പ്-പയ്യന്നൂര്‍ താലൂക്ക് അദാലത്തിലെ ഉത്തരവുമുണ്ടായിരുന്നു. 2019 നവംബര്‍ മുതല്‍ കഴിഞ്ഞവര്‍ഷം മേയ് വരെ മൂന്നുഘട്ടങ്ങളിലായി സര്‍ക്കാര്‍ ഒന്നരക്കോടിയോളം രൂപയനുവദിച്ചിരുന്നതുമാണ്.
ഈ തുക വിതരണം ചെയ്യാതെ ലാപ്സാക്കി കളയുകയായിരുന്നു. അന്ന് ട്രഷറിയില്‍ പണമടക്കാതിരുന്നതിന് കാരണമായി പറഞ്ഞത് വിഡിനെയായിരുന്നു. ഇതിനുശേഷം കഴിഞ്ഞ മാസം പത്തിന് രണ്ടുകോടി രൂപ വീണ്ടും നഷ്ടപരിഹാര വിതരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
ഈ പണവും വിതരണം ചെയ്യുന്നതിന് ട്രഷറിയിലടക്കാത്തതിനുള്ള കാരണമാരാഞ്ഞപ്പോള്‍ ബില്ലുകളും ഓര്‍ഡറുകളും ഒപ്പിട്ട് പണം വിതരണം ചെയ്യാനായി ഒരാഴ്ച മുമ്പ് ട്രഷറിയിലടച്ചിട്ടുണ്ടെന്നാണ് ഈ തഹസില്‍ദാര്‍ പറഞ്ഞത്.
ഇതേപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് ഇദ്ദേഹം പറഞ്ഞത് നുണയായിരുന്നെന്നും ഇന്നലെ ഇതുസംബന്ധിച്ച വാര്‍ത്ത വന്നതോടെ മൂന്നുപേര്‍ക്കുള്ള തുക മാത്രമാണ് ട്രഷറിയിലടച്ചതെന്നും മനസിലായത്.
നഷ്ടപരിഹാരം ലഭിക്കുന്നതിനായി നാല്‍പ്പതോളം പേരാണ് കാത്തിരിക്കുന്നത്.അനുകൂല കോടതിയുത്തരവുമായി കാത്തിരിക്കുന്നവരുമുണ്ട്. നേവല്‍ അക്കാദമിക്കായി യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥലമേറ്റെടുത്തപ്പോള്‍ തുടങ്ങിയ കാത്തിരിപ്പും നിയമയുദ്ധവുമാണ് നാലുപതിറ്റാണ്ടോളമെത്തിയപ്പോഴും ഇപ്പോഴും തുടരുന്നത്.
ഒടുവില്‍ സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളിലായി പണം ലഭ്യമാക്കിയപ്പോഴാണ് ഇത് വിതരണം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥന്റെ ഉദാസീനത പ്രകടമായത്.അനുവദിച്ച തുകപോലും വിതരണം ചെയ്യാന്‍ മടിക്കുന്ന ഈ ഉദ്യോഗസ്ഥനെതിരേ പ്രതിഷേധമുയരുന്നുണ്ട്.