പരിയാരം: ഇരുപത് വര്‍ഷം മുമ്പ് രാജീവ് ഗാന്ധി ദശലക്ഷം പദ്ധതിയുടെ ഭാഗമായി കാരക്കുണ്ട് അവുങ്ങുംപൊയിലില്‍ നിര്‍മിച്ച അഞ്ച് വീടുകള്‍ പൊളിച്ചു പണിത് വീടില്ലാത്തവര്‍ക്ക് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. 1998-99 കാലത്താണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവില്‍ പരിയാരം പഞ്ചായത്തിലെ അവുങ്ങുംപൊയിലില്‍ അഞ്ച് വീടുകള്‍ രാജീവ് ദശലക്ഷം വീട് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചത്.
ടാര്‍ റോഡില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറി ഒറ്റപ്പെട്ട സ്ഥലത്ത് നിര്‍മിച്ച വീടുകള്‍ ഒരു തരത്തിലും താമസ യോഗ്യമല്ലാത്തതിനാല്‍ വീട് അനുവദിച്ചവര്‍ ഇത് സ്വീകരിക്കാന്‍ തയ്യാറായില്ല. തീര്‍ത്തും അശാസ്ത്രീയമായി നിര്‍മിച്ച ഈ അഞ്ച് വീടുകളും ഇന്ന് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. വാതിലും ജനാലകളും നശിപ്പിക്കപ്പെട്ട് ചുറ്റിലും കാടുപടര്ന്നുതുടങ്ങിയ ഈ വീടുകള്‍ക്കകത്ത് മദ്യക്കുപ്പികളും മറ്റും ചിതറിക്കിടക്കുകയാണ്.
ഈ വീടുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് പരിയാരം മണ്ഡലം സെക്രട്ടറി അല്അമീന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഈ വീടുകളുടെ അവസ്ഥ ഉന്നയിച്ചിരുന്നുവെങ്കിലും നടപടികള്‍ ഉണ്ടായില്ല.
തുടര്‍ന്ന് കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും പരിഹാരമായില്ല. പിന്നോക്ക പ്രദേശമായ ഇവിടെ നൂറുകണക്കിനാളുകള്‍ സ്വന്തം വീടില്ലാതെ കഷ്ടപ്പെടുന്നുണ്ട്. ഇന്ന് തകര്‍ന്നു കിടക്കുന്ന ഈ വീടുകള്‍ നിര്‍മിക്കാന്‍ പത്ത് ലക്ഷം രൂപ ചെലവഴിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും അതിന്റെ പകുതിയില്‍ താഴെ പോലും ചെലവഴിച്ചതായി കാണുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എത്രയും പെട്ടെന്ന് പുതിയ പദ്ധതി ആവിഷ്ക്കരിച്ച് വീടുകള്‍ ശാസ്ത്രീയമായി പുനര്‍നിര്‍മിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.