എം.ജെ.ശ്രീജിത്ത്
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സ്വർണക്കള്ളക്കടത്ത്, ബാർ കോഴ, ലൈഫ് മിഷൻ ആരോപണങ്ങൾ വീണ്ടും സജീവാകും. ഇലക്ഷൻ പ്രചരണം കൊടുന്പിരി കൊണ്ടപ്പോൾ ആരോപണങ്ങളുടെ ചൂട് അൽപം കുറഞ്ഞിരുന്നു.
14ന് തെരഞ്ഞെടുപ്പിന്റെ മൂന്നം ഘട്ടം കഴിയുന്നതോടെ വീണ്ടും രാഷ്്ട്രീയ കേരളത്തിന്റെ കണ്ണും കാതും വിവാദങ്ങളിലെ ആരോപണ പ്രത്യരോപണങ്ങളിലേക്കു കടക്കും. അതു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വരെ തുടരും.
വിവാദങ്ങൾ മുറുകും
ഭരണപക്ഷത്തിനു മേൽ സ്വർണക്കടത്തും ലൈഫ് മിഷനും ബിനീഷ് കോടിയേരിക്കതിരെയുള്ള ലഹരി മരുന്നു കേസുമാണ് പ്രതിപക്ഷത്തിന്റെ ആയുധങ്ങൾ.
എന്നാൽ, പ്രതിപക്ഷത്തിനു നേരെ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കെതിരെയുള്ള ബിജു രമേശിന്റെ ബാർ കോഴ ആരോപണം, പാലാരിവട്ടം പാലം അഴിമതി, ഫാഷൻ ഗോൾഡ് തട്ടിപ്പ്, സോളാർ കേസ് പ്രതിയുടെ ലൈംഗിക പീഡന പരാതി, മുസ്ലിം ലീഗ് എംഎൽഎമാർ അടക്കമുള്ളവർക്കെതിരെയുള്ള അനധികൃത സ്വത്ത് സന്പാദന കേസുകൾ എന്നിവ വീണ്ടും ചർച്ചയാകും.
തെരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എൽ എ മാരായ കെ .എം ഷാജി, എ .പി അനിൽ കുമാർ, വി.ഡി. സതീശൻ, വി.എസ് ശിവകുമാർ, പി.ടി തോമസ് തുടങ്ങിയവർക്കെതിരെയുള്ള വിവിധ അന്വേഷണങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഇലക്ഷനായതിനാൽ അൽപം മന്ദീഭവിച്ച അന്വേഷണങ്ങളുടെ വേഗം ഇലക്ഷൻ കഴിയുന്നതോടെ വീണ്ടും കൂടും.
സർക്കാരും ഒരുങ്ങിത്തന്നെ
ആരോപണങ്ങളെ നേരിടാൻ പ്രത്യാക്രമണമാണ് നല്ലതെന്ന തിരിച്ചറിവിൽ സർക്കാർ എത്തിയതോടെയാണ് ഇഴഞ്ഞുനീങ്ങിയ ഫാഷൻ ഗോൾഡ് തട്ടിപ്പിൽ എം .സി കമറുദീനും പാലാരിവട്ടം അഴിമതി കേസിൽ വി.കെ ഇബ്രാഹിം കുഞ്ഞും അറസ്റ്റിലായത്.
ആരോപണങ്ങൾ മുങ്ങിത്താഴ്ന്നു കൊണ്ടിരുന്നു സർക്കാരിനും എൽ ഡി എഫിനും ഉയർത്തെഴുന്നേൽക്കാനുള്ള ഊർജമായി. രണ്ടു എം എൽ എ മാരുടെ അറസ്റ്റ് പ്രതിപക്ഷത്തിന്റെ നില തെറ്റിച്ചിരുന്നു.
അതിനു പുറമെ ചെന്നിത്തല അടക്കമുള്ളവർക്കെതിരെയുള്ള ഗുരുതര ആരോപണങ്ങൾ കൂടി വന്നതോടെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രതിപക്ഷം പ്രതിരോധത്തിലായിരുന്നു.
സ്പീക്കറെ കുരുക്കാൻ
അതേസമയം പ്രതിപക്ഷം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത് സ്പീക്കർ പി.ശ്രീരാമ കൃഷ്ണനെയാണ്. ഇന്നലെയും ഇന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സ്പീക്കർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.
രമേശ് ചെന്നിത്തലയാകട്ടെ നിയമസഭയിലെ ആഡംബര ധൂർത്തുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുമായാണ് രംഗത്തു വന്നത്.