കോഴിക്കോട്: നിയമമന്ത്രി എ.കെ ബാലനെതിരേയും ബന്ധുനിയമന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. കിർത്താഡ്സിലെ താത്ക്കാലിക ജീവനക്കാരായിരുന്ന എഴുത്തുകാരി ഇന്ദു മേനോനടക്കമുള്ളവരെ ചട്ടങ്ങൾ മറികടന്ന സ്ഥിരപ്പെടുത്തിയെന്നാണ് ആരോപണം.
മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധു നിയമന ആരോപണങ്ങൾക്കു പിന്നാലെയാണു നിയമമന്ത്രി എ.കെ ബാലനെതിരേയും ആരോപണവുമായി ഫിറോസ് രംഗത്തെത്തുന്നത്.
എ.കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷനെ കിർത്താഡ്സിൽ സ്ഥിരപ്പെടുത്തിയതു വകുപ്പുകളുടെ എതിർപ്പ് മറികടന്നാണെന്ന് ഫിറോസ് ആരോപിച്ചു. എംഫിലും പിച്ച്എച്ച്ഡിയും യോഗ്യത വേണ്ട പോസ്റ്റുകളിലാണ് എംഎ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിച്ചിരിക്കുന്നത്.
മണിഭൂഷനെ കൂടാതെ യോഗ്യതയില്ലാത്ത മറ്റു മൂന്നു പേരെകൂടി നിയമിച്ചുവെന്നും ഫിറോസ് പറയുന്നു. ഇതിന്റെ വിവിധ രേഖകളും ഫിറോസ് പത്രസമ്മേളനത്തിൽ വിതരണം ചെയ്തു. എ.കെ.ബാലന്റെ പ്രൈവറ്റ് സെക്രട്ടറിയായതിനു പിന്നാലെ തന്നെ മണിഭൂഷണു സ്ഥിരം നിയമനം ലഭിച്ചു.
ഇത് മറച്ചുവയ്ക്കാനും സാധൂകരിക്കാനുമാണ് മറ്റുള്ളവരുടെ നിയമനം നടത്തിയത്. നിയമമന്ത്രിയായ എ.കെ ബാലനാണ് ഇതു ചെയ്തത്. വിവിധ വകുപ്പുകളുടെ എതിർപ്പു മറികടന്ന് നിയമനം. നിയമന ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചിട്ടുണ്ടെന്നും ഫിറോസ് ആരോപിച്ചു.