സ്വന്തം ലേഖകൻ
തൃശൂർ: ലോകം ശ്രദ്ധിച്ച കേരള മോഡൽ കണ്‍സൾട്ടൻസി ഭരണവും അഴിമതി ഭരണവുമായി മാറിയതിൽ സിപിഎം പ്രവർത്തകർപോലും അസംതൃപ്തരാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി.
സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കുക, സിബിഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കൾ ജില്ലാ തലത്തിൽ ആരംഭിച്ച സത്യഗ്രഹ സമരം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ അഴിമതി ഭരണത്തിനെതിരേ ജനവികാരം കൂടുതൽ ആളിക്കത്തും. കെപിസിസി നയിക്കുന്ന, യുഡിഎഫ് നേതൃത്വം നൽകുന്ന സമരം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
കോവിഡ് ദുരിതത്തിൽ ജനങ്ങൾ ക്ളേശിക്കുകയാണ്. ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യപ്രവർത്തകരെ നോക്കുകുത്തികളാക്കി പോലീസ് രാജ് നടപ്പാക്കാനാണ് ഇപ്പോഴത്തെ ശ്രമം. കോവിഡ് ബാധിതരേയും വരുമാനില്ലാതായവരേയും സഹായിക്കേണ്ട അവസ്ഥയിലാണ്. ആന്റണി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ, എം.എം. ഹസൻ എന്നിവരും ഓണ്‍ലൈനിൽ അഭിസംബോധന ചെയ്തു.
തൃശൂർ അടക്കം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് നേതാക്കൾ സത്യഗ്രഹം നടത്തി. തൃശൂർ ഡിസിസി ഒഫീസിൽ നടത്തിയ സമരത്തിൽ ടി.എൻ. പ്രതാപൻ എംപി, കെപിസിസി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ, അനിൽ അക്കര എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലീഫ്,
ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ്, യുഡിഎഫ് തൃശൂർ ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, എം.പി. വിൻസെന്റ്, ടി.വി. ചന്ദ്രമോഹൻ, പി.എ. മാധവൻ, ജോസ് വള്ളൂർ, സി.ഒ. ജേക്കബ്, സുനിൽ അന്തിക്കാട്, അഡ്വ. ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത്, സി.ഐ. സെബാസ്റ്റ്യൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.