കൊല്ലം: തട്ടിക്കൂട്ട് സഹകരണ സംഘത്തിന്റെ പേരിലും ഡോക്ടറെ വ്യാജ ചെക്ക് കേസിൽ ഉൾപ്പെടുത്തിയും കോടികളുടെ ആശുപത്രി കച്ചവടം നടത്തിയ ചാത്തന്നൂർ എംഎൽഎ ജി എസ് ജയലാലിന് എതിരെ അടിയന്തിരമായി വിജിലൻസ് അന്വേഷണം നടത്തണമെന്ന് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി അധ്യക്ഷ ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
തട്ടിക്കൂട്ട് സംഘത്തിന്റെ പേരിൽ രണ്ട് കോടി രൂപയ്ക്ക് അഷ്ടമുടി ആശുപത്രി ഓഹരി ഉടമകൾ വിൽക്കാൻ തീരുമാനിച്ച ആശുപത്രി ആറ് കോടിയ്ക്ക് വാങ്ങിയതിലെ അഴിമതി ജനങ്ങൾ തിരിച്ചറിഞ്ഞെന്നും ഇതിന്റെ സാന്പത്തിക ഉറവിടം എം എൽ എ യും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
ഇത്തരം കപടങ്ങൾ സി പി ഐ യ്ക്ക് ഭൂഷണമാണോയെന്നും ബിന്ദുകൃഷ്ണ ചോദിച്ചു. ജയലാൽ എം എൽ എ യുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്നും ജനപ്രതിനിധികൾ ഇന്ത്യൻ ഭരണഘടനയ്ക്ക് അതീതർ അല്ലാത്തതിനാൽ പാർട്ടി അന്വേഷണം എന്നത് അപഹാസ്യമാണെന്നും എം എൽ എ യുടെ സാന്പത്തിക തട്ടിപ്പിന് എതിരെ കോണ്ഗ്രസ് പ്രതിഷേധ സമരം നടത്തുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.