കോട്ടയം: മതിൽ നിർമിച്ചതുമായി ബന്ധപ്പെട്ടു തനിക്കെതിരേ ഉയർന്നുവന്ന അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്നു കോട്ടയം നഗരസഭയുടെ 24-ാം വാർഡ് കൗണ്‍സിലറും മുൻ വൈസ് ചെയർപേഴ്സണുമായ ജാൻസി ജേക്കബ്. നഗരസഭയുടെ 23-ാം വാർഡിൽ ജാൻസി ജേക്കബിന്റെ വീടിനു പിന്നിലായി നഗരസഭയുടെ ഫണ്ടായ 10 ലക്ഷം രൂപ ഉപയോഗിച്ചു ഇറിഗേഷൻ വകുപ്പ് മതിൽ നിർമിച്ചു നല്‍കിയതുമായി ബന്ധപ്പെട്ടാണു അഴിമതി ആരോപണമുയർന്നത്.
വർഷങ്ങൾക്കു മുന്‍പ് നിർമിച്ച മതിലിനു കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ചിരുന്നു. മുൻ വർഷത്തിലുണ്ടായ വലിയ പ്രളയത്തെതുടർന്നു മതിലിന്റെ കുറച്ചു ഭാഗം ഇടിഞ്ഞു പോയിരുന്നു. ഇതോടെ തോട്ടിലുടെ വരുന്ന വെള്ളം പ്രദേശത്തെ വീടുകളിലേക്കു കയറുന്ന സ്ഥിതിയായിരുന്നു. തുടർന്നാണ് പ്രദേശവാസികൾ തന്റെ നേതൃത്വത്തിൽ നഗരസഭാ ചെയർപേഴ്സണെ നേരിൽ കണ്ടു സഹായം ആവശ്യപ്പെട്ടത്
. തുടർന്നാണു നഗരസഭാ കൗണ്‍സിലിന്റെ അജണ്ടയിൽ വിഷയം പാസാക്കി പണം അനുവദിച്ചതും ഇറിഗേഷൻ വകുപ്പ് മതിൽ നിർമിച്ചതും. മതിൽ നിർമിച്ചു കഴിഞ്ഞതോടെയാണു കഴിഞ്ഞ തവണയുണ്ടായ വെള്ളപ്പൊക്കത്തിൽ പ്രദേശത്തെ വീടുകളിൽ വെള്ളം കയറാതിരുന്നതെന്നും ജാൻസി ജേക്കബ് പറഞ്ഞു. ഇതിനുപുറമെ മതിൽ നിർമിച്ചിരിക്കുന്നതു നഗരസഭയുടെ ഓണ്‍ ഫണ്ട് ഉപയോഗിച്ചല്ല, മറിച്ചു പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ്.
23-ാം വാർഡിലെ കൗണ്‍സിലറോ വാർഡുസഭയോ മതിൽ നിർമിക്കുന്നത് അറിഞ്ഞില്ലെന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്. പ്രദേശത്തെ വെള്ളക്കെട്ടിൽനിന്നും സംരക്ഷിക്കുന്നതിനായി മുന്നിട്ടിറങ്ങുകയാണു ചെയ്തതെന്നും മറിച്ചുള്ള ആരോപണങ്ങളിൽ കഴന്പില്ലെന്നും ജാൻസി ജേക്കബ് പറഞ്ഞു.