തിരുവനന്തപുരം: പോലീസിൽ അഴിമതിയുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും ഇതിന് കാരണക്കാരൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണെന്നും പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു.
പോലീസിലെ അഴിമതികളെ കുറിച്ച് സിബിഐ അന്വേഷിക്കണം. ഡിജിപിയെ മാറ്റി നിർത്തിക്കൊണ്ട് സിബിഐ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്ത് നിന്നും പി.ടി.തോമസാണ് ഈ വിഷയം സഭയിൽ ഉന്നയിച്ചത്.
ഒരു രൂപ പോലും മൂലധനമില്ലാത്ത ഗാലക്സോണ്‍ കന്പനിക്ക് അഴിമതി നടത്താനുള്ള അവസരം ഡിജിപി ലോക്നാഥ് ബെഹ്റ ഒരുക്കിയെന്ന് പിടി.തോമസ് ആരോപിച്ചു. ബെഹ്റയെ മാറ്റിയില്ലെങ്കിൽ അഴിമതിയിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് സംശയിക്കേണ്ടിവരും.
ഡിജിപി ബെഹ്റ മുഖ്യമന്ത്രിക്കെതിരെയുള്ള ലാവ്ലിൻ കേസിലെ പാലമാണ്. ലാവ്ലിൻ കേസും ഡൽഹിയും തമ്മിലുള്ള പാലം ബെഹ്റയാണ്. ഈ പാലം തകർന്നാൽ മുഖ്യമന്ത്രി അഗാധ ഗർത്തത്തിലേക്ക് വീഴുമെന്നും അദ്ദേഹം ആരോപിച്ചു.