ചാരുംമൂട്: നൂറനാട് ലെപ്രസി സാനിട്ടോറിയത്തിൽ പൊതുമരാമത്തുവകുപ്പ് അറ്റകുറ്റപ്പണികൾ നടത്തിയ കെട്ടിടം അഞ്ചുമാസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും തകർന്നു. 11–ാം നമ്പർ സി വാർഡിന്റെ കോൺക്രീറ്റ് തുണുകളാണ് ഇന്നലെ രാവിലെ തകർന്നത്. ഈ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന എട്ടു വനിതാ അന്തേവാസികൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ അഞ്ചരയോടെ ഇവിടുത്തെ അന്തേവാസിയും മാന്നാർ കൂട്ടമ്പേരൂർ സ്വദേശിനിയുമായ സതിയമ്മ(67) ആശുപത്രി വാർഡിന്റെ മുറ്റം വൃത്തിയാക്കുവാൻ പടി ഇറങ്ങവേ തുണിൽ പിടിച്ചതും കോൺക്രീറ്റ് തുണുകൾ നിലംപതിക്കുകയായിരുന്നു. സതിയമ്മ ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ ആശുപത്രി സൂപ്രണ്ട് ഡോ. വിദ്യയും ഡിഎംഒ ഡോ.ജമുനയും ചേർന്ന് പെട്ടന്ന് ഈ വാർഡിനുള്ളിൽ ഉണ്ടായിരുന്ന മറ്റ് അന്തേവാസികളെ ഒഴിപ്പിച്ചു.
പത്തുമാസം മുമ്പ് ആശുപത്രി വളപ്പിലെ പ്രധാനകെട്ടിടം പുതുക്കിപ്പണിയുന്നതിനിടയിൽ തകർന്നു വീണ് നിരവധി അന്തേവാസികൾക്കു പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രി സമിതിയിൽ കാലപ്പഴക്കം സംഭവിച്ച എല്ലാ കെട്ടിടങ്ങളും പരിശോധിച്ച് ഉപയോഗയോഗ്യമല്ലാത്ത കെട്ടിടങ്ങളെ ഒഴിവാക്കുവാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി.
ഇവർ ഒഴിവാക്കുവാൻ നിർദേശിച്ചിരുന്ന അഞ്ചാംനമ്പർ ഓപ്പറേഷൻവാർഡ്, 11–ാം നമ്പർ സി വാർഡ് എന്നിവ പിന്നീട് പൊതുമരാമത്ത് വകുപ്പ് തന്നെ അറ്റകുറ്റപ്പണികൾ നടത്തി. മേൽക്കൂരകൾ മാറ്റി ടിൻ ഷീറ്റുകൾ സ്ഥാപിച്ചു. ഇതിൽ ലക്ഷങ്ങളുടെ അഴിമതി നടത്തിയിട്ടുണ്ടെന്ന് അന്തേവാസികൾ ആക്ഷേപം ഉന്നയിക്കുന്നു. 20,23 എന്നീ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തി വരുന്നതായും യാതൊരു സുരക്ഷമാനദണ്ഡവും പാലിക്കാതെ ചെയ്യുന്ന പ്രവർത്തനങ്ങളെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് അന്തേവാസികളുടെ ആവശ്യം.