വടകര: അഴിയൂരില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി അനാസ്ഥയെന്ന് ആരോപണം വ്യാപകം. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് അയല്‍വാസികള്‍ വൈദ്യുതിയില്ലെന്ന് അഴിയൂര്‍ വൈദ്യുതി ഓഫീസില്‍ വിളിച്ച് പറഞ്ഞിരുന്നു.
വൈദ്യുതി പുനസ്ഥാപിക്കാത്തതിനാല്‍ തിങ്കളാഴ്ച രാവിലെ വീണ്ടും വിളിച്ചു. അതുകഴിഞ്ഞ് അരമണിക്കൂറിന് ശേഷമാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.
കെഎസ്ഇബിക്കെതിരെയാണ് പ്രദേശത്തെ പ്രതിഷേധങ്ങള്‍ ഏറെയും. പരാതി അറിയിച്ചിട്ടും തിരിഞ്ഞ് നോക്കിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴക്കാലത്ത് ശക്തമായ ഒഴുക്കുളള കീരിത്തോടിലാണ് ഏഴോളം വൈദ്യുത പോസ്റ്റുകള്‍.
അപകടം നടന്ന പോസ്റ്റ് ഉള്‍പ്പെടെ പലതിനും സ്റ്റേ വയര്‍ ഇല്ല. കാലപഴക്കം ചെന്ന കമ്പികളാണ് ലൈനുകളില്‍. ഇവ സമയ ബന്ധിതമായി അറ്റകുറ്റപ്പണി നടത്തിയില്ല. വൈദ്യുതി വകുപ്പിന്റെ അനാസ്ഥയ്ക്ക് എതിരെ യൂത്ത് ലീഗ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ അഴിയൂര്‍ കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
വൈദ്യുതി ഇല്ലെന്നറിയിച്ച് 18 മണിക്കൂര്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടാവാത്തത് അനാസ്ഥയാണെന്ന് വാര്‍ഡ് അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഇ.ടി.അയൂബ് പറഞ്ഞു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലൈന്‍ പൊട്ടി വീണ് രണ്ടുപേര്‍ ദാരുണമായി മരിക്കാനിടയായത് വൈദ്യുതി വകുപ്പിന്റെ തികഞ്ഞ അനാസ്ഥയുടെ ഫലമാണെന്ന് കെപിസിസി നിര്‍വാഹക സമിതിഅംഗം അഡ്വ. ഐ. മൂസ പറഞ്ഞു.
മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സി.കെ. നാണു എംഎല്‍എ, അഴിയൂര്‍ പഞ്ചയാത്ത് പ്രസിഡന്റ് വി.പി.ജയന്, ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്, ബ്ലോക്ക് പഞ്ചയാത്ത്അംഗം പി.പ്രമോദ്, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ബാബുരാജ്, ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹാരിസ് മുക്കാളി എന്നിവര്‍ എത്തി.
കമ്പി പൊട്ടിയതായി പരാതി കിട്ടിയിരുന്നില്ല: കെഎസ്ഇബി
വടകര: കമ്പി പൊട്ടിവീണതായി ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അങ്ങിനെ പരാതിലഭിച്ചാല്‍ ആവശ്യമായ മാര്‍ഗനിര്‍ദേശം നല്കി അഞ്ചുമിനിറ്റിനകം ജീവനക്കാര്‍ സംഭവസ്ഥലത്ത് എത്തുകയോ ലൈന്‍ ഓഫാക്കുകയോ ചെയ്യാറുണ്ടെന്നും അഴിയൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ പറഞ്ഞു.
വൈദ്യുതിയില്ല എന്ന പരാതി വിളിച്ചറിയിക്കുമ്പോള്‍ കസ്റ്റമര്നമ്പറോ പോസ്റ്റ് നമ്പറോ അറിയിച്ചാല്‍ അത് കൃത്യമായി രേഖപ്പെടുത്തി പരിഹരിക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു.