മുംബൈ: അഴുക്കുചാൽ വൃത്തിയാക്കിയില്ലെന്നാരോപിച്ച് ശിവസേന എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് കോൺട്രാക്ടറെ മാലിന്യംമൂടി അവഹേളിച്ചു.
നോർത്ത് മുംബൈയിലെ കാണ്ഡിവ്ലി മണ്ഡലത്തിലെ എംഎൽഎ ദിലീപ് ലാൻഡെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കോൺട്രാക്ടറെ വിളിച്ചുവരുത്തി സിറ്റിയിലെ വെള്ളക്കെട്ടുള്ള പ്രദേശത്ത് ഇരുത്തി ആളുകളോട് മാലിന്യത്തിൽ കുളിപ്പിക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു.
ഇതിനിടെ ശിവസേന പ്രവർത്തകൻ കോൺട്രാക്ടറെ തള്ളിയിട്ടു. മറ്റു രണ്ടുപേർ ചേർന്ന് മാലിന്യങ്ങൾ ദേഹത്ത് വിതറി. താൻ നിരപരാധിയാണെന്ന് കോൺട്രാക്ടർ വിളിച്ചുപറയുന്നുണ്ടായിരുന്നു.
എന്നാൽ, രൂക്ഷമായ ഭാഷയിൽ കോൺട്രാക്ടറെ എംഎൽഎ ശകാരിച്ചുകൊണ്ട് മാലിന്യത്തിൽ കുളിപ്പിക്കാൻ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി.
പ്രതിഷേധത്തിനുശേഷം തന്റെ കടമയാണു ചെയ്തതെന്ന് എംഎൽഎ വിശദീകരണക്കുറിപ്പിറക്കി. പാർട്ടിയുടെ പ്രാദേശികഘടകം നേതാവിനെ കൂട്ടിയാണു പ്രതിഷേധം സംഘടിപ്പിച്ചത്.
ശിവസേന പ്രവർത്തകർ അഴുക്കുചാൽ വൃത്തിയാക്കിയെന്നും ദിലീപ് ലാൻഡെ പറഞ്ഞു. കഴിഞ്ഞ 25 വർഷമായി ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷൻ ശിവസേനയാണു ഭരിക്കുന്നത്.