മുംബൈ: അസിം പ്രേംജി രാജ്യത്തെ ഏറ്റവും ഉദാരവാനായ ശതകോടീശ്വരനായി. 1.45 ലക്ഷം കോടി രൂപ (2100 കോടി ഡോളർ) അദ്ദേഹം ധർമപ്രവർത്തനങ്ങൾക്കായി നീക്കിവച്ചു. വിപ്രോ കന്പനിയിലെ തന്റെ കുടുംബത്തിന്റെ 67 ശതമാനം ഓഹരിയാണ് ഇതിനായി നല്കുന്നത്.
രാജ്യത്തെ നാലാമത്തെ വലിയ ഐടി കന്പനിയായ വിപ്രോയുടെ മുഖ്യ ഉടമകളാണു പ്രേംജി കുടുംബം. വിപ്രോയുടെ 74 ശതമാനം ഓഹരി പ്രേംജി കുടുംബത്തിന്റെ പക്കലാണ്. ബുധനാഴ്ച ഇതിൽ 34 ശതമാനം ഓഹരികൾ അസിം പ്രേംജി ഫൗണ്ടേഷനു കൈമാറി. 52,750 കോടി രൂപ വിലയുണ്ട് ആ ഓഹരികൾക്ക്. നേരത്തേ കൈമാറിയവ കൂടി ചേരുന്പോൾ 1.45 ലക്ഷം കോടിയുടേതാകും.
ഇതോടെ ലോകത്തിലെ വലിയ ധർമിഷ്ഠരിൽ ഒരാളായി 73 വയസുള്ള പ്രേംജി. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് 5160 കോടി ഡോളറാണ് ദാനം ചെയ്തത്. ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കായിരുന്നു അവരുടെ സന്പത്ത് ദാനം ചെയ്തത്.
അസിം പ്രേംജി ഫൗണ്ടേഷൻ വിദ്യാഭ്യാസരംഗത്താണു പ്രവർത്തിക്കുന്നത്. പുതിയ സംഭാവനയോടെ ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ധർമസ്വത്തായി ഈ ഫൗണ്ടേഷന്റേത്.ഇന്ത്യയിൽ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി തന്റെ സന്പത്തിന്റെ പകുതി ധർമപ്രവർത്തനങ്ങൾക്കു നീക്കിവച്ചിട്ടുണ്ട്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ നേതൃത്വത്തിൽ ഇൻഫോസിസ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത് ഇപ്രകാരം ലഭിക്കുന്ന സംഭാവന ഉപയോഗിച്ചാണ്.
ഭക്ഷ്യ എണ്ണ, വൈദ്യുത ലൈറ്റിംഗ് സാധനങ്ങൾ തുടങ്ങിയവയിൽ പ്രവർത്തിച്ചിരുന്ന വിപ്രോയെ ഐടി രംഗത്തു പ്രവേശിപ്പിച്ചതും വളർത്തിയതും അസിം പ്രേംജിയാണ്.