ഇവളെപ്പോലുള്ള കൂതറകള്‍ സഖാവ് ആണെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു, എസ്എഫ്‌ഐക്കെതിരേ ആഞ്ഞടിച്ച് ബി. അരുന്ധതി!

2തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നാടകം കാണാനെത്തിയ യുവാവിനെ ആക്രമിച്ച കേസില്‍ സംഘടനയ്‌ക്കെതിരേ പ്രതികരിച്ച കവിയും അഭിനേതാവുമായ ബി. അരുന്ധതിക്കെതിരേ സോഷ്യല്‍മീഡിയയില്‍ അശ്ലീല പരാമര്‍ശങ്ങള്‍. സിപിഎം അനുകൂല പേജായ പോരാളി ഷാജിയിലാണ് അരുന്ധതിയെ തെരുവു വേശ്യയെന്ന് വിശേഷിപ്പിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

പോരാളി ഷാജി പേജില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന പോസ്റ്റിനെതിരേ കഴിഞ്ഞദിവസം അരുന്ധതി രംഗത്തെത്തിയിരുന്നു. താന്‍ എസ്എഫ്‌ഐയുടെ ലേബലില്‍ ഒരിടത്തും ചെന്നിട്ടില്ലെന്നാണ് ഇപ്പോള്‍ ഹൈദരാബാദിലുള്ള അവര്‍ പറയുന്നത്. അരുന്ധതിമാര്‍ക്ക് ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐക്കാര്‍ മുഴുവന്‍ സമരതൊഴിലാളികള്‍ ആണത്രേ! ചുംബനസമരം എന്ന ആഭാസം നടത്തി കേരളത്തിലെ മുഴുവന്‍ സഖാക്കളെയും നാറ്റിച്ച ഇവളെപ്പോലുള്ള കൂതറകള്‍ സഖാവ് ആണെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുമ്പോള്‍ ശരിക്കും ലജ്ജ തോന്നുന്നു എന്നായിരുന്നു പോരാളി ഷാജിയില്‍ പോസ്റ്റ് വന്നത്. ഇൗ പോസ്റ്റിന് മറുപടിയായാണ് അരുന്ധതി തന്റെ നിലപാട് അറിയിച്ചത്. അരുന്ധതിയുടെ വാക്കുകള്‍-

1ചുംബനസമരം, സമരത്തിന് മുന്‍പുള്ള മൂന്ന് വര്‍ഷങ്ങള്‍, സമരത്തിന് ശേഷമുള്ള രണ്ട് വര്‍ഷങ്ങള്‍. ഇത്ര കാലത്തെ പബ്ലിക് ഇടപെടലുകളില്‍, അത് ചാനല്‍ ചര്‍ച്ചകളോ സെമിനാറുകളോ, പുസ്തകപ്രകാശനങ്ങളോ, ഇടതുപക്ഷത്തിന്‍റേതല്ലാത്ത സമരങ്ങളോ ആവട്ടെ, ഒരിടത്തും ടഎക പ്രതിനിധിയായി ഇരുന്നിട്ടില്ല. പാര്‍ട്ടി നടത്തിയ ഇഎംഎസ് സ്മൃതിയില്‍ പോലും ”സ്ത്രീ ഗവേഷക വിദ്യാര്‍ഥി” എന്ന ടാഗ് മാത്രമാണണിഞ്ഞത്. എസ്എഫ്‌ഐ യെ ഉപയോഗിച്ച് വേദികളുണ്ടാക്കി എന്ന് വേദനിക്കരുത്, എന്റെ നിലപാടുകള്‍ എന്റേത് മാത്രമാണ്. ലക്ഷക്കണക്കിന് വരുന്ന സംഘടന അംഗങ്ങളില്‍ ഈ വഴിപിഴച്ചവളും വന്നുപെട്ടു എന്നേയുള്ളൂ. ലജ്ജിപ്പിച്ചതില്‍ സഹോദരിയോട് പൊറുത്താലും!

തികഞ്ഞ സ്ത്രീവിരുദ്ധത നിറഞ്ഞ കുടുംബങ്ങളില്‍ നിന്നും, അരാഷ്ട്രീയവത്കരിക്കപ്പെട്ട സ്കൂളുകളില്‍ നിന്നുമാണ് കേരളത്തിലെ ചെറുപ്പം കലാലയങ്ങളിലേക്കെത്തുന്നത്. തിരുത്തുകളുണ്ടാക്കുന്ന ഇടമാണ് ക്യമ്പസുകള്‍. അധ്യാപകര്‍ക്ക് അധികമൊന്നും ചെയ്യാനില്ല. സാമൂഹിക വിദ്യാഭ്യാസം നടത്തുന്നത് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടനകളാണ്. നമ്മുടെ ക്യാമ്പസുകളെ മതനിരപേക്ഷ ഇടങ്ങളായി നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് ഈ സംഘടനകള്‍ക്കുണ്ട്. ജാതീയതയെയും വംശീയതയെയും സദാചാരഭീകരതയെയും ചെയ്തതിന് സംഘപരിവാരം ചുട്ടുകരിച്ച ”വിശ്വവിഖ്യാത തെറി” ഒരു കോളജ് മാഗസിനാണ്. എസ്എഫ്‌ഐ വിദ്യാര്‍ഥികളാണത് സൃഷ്ടിച്ചത്. പക്ഷേ എസ്എഫ്‌ഐ അടക്കം ഒരു പുരോഗമന സംഘടനയുടെ പ്രവര്‍ത്തകരും പൊതുബോധത്തില്‍ അടിഞ്ഞുകിടക്കുന്ന മനുഷ്യത്വവിരുദ്ധതകളില്‍നിന്ന് മുക്തരല്ല. എണ്ണത്തില്‍ വളരുന്നതനുസരിച്ച് പോരാളിഷാജിമാരും കൂടുക സ്വാഭാവികം. ഇതറിയാഞ്ഞിട്ടല്ല യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ പ്രതികരിച്ചത്. അവിടെ പ്രശ്‌നം അണികള്‍ക്ക് മാത്രമല്ലെന്നതുകൊണ്ടാണ്.

കേരളത്തിലെ ഒന്നാംനിര സര്‍ക്കാര്‍ കോളജുകളിലൊന്നാണ് യൂണിവേഴ്‌സിറ്റി. ഓരോ വര്‍ഷവും പത്തിലധികം സര്‍വകലാശാല റാങ്കുകള്‍. വളരെയുയര്‍ന്ന ദളിത്, സ്ത്രീ പ്രാതിനിധ്യം. മികച്ച തലച്ചോറുകള്‍ കടുത്ത ഇടതുവിരുദ്ധരായി ഇറങ്ങിപ്പോകുന്നതിന് സാക്ഷിയായിട്ടുള്ളതുകൊണ്ട് പറയുന്നു, യൂണിവേഴ്‌സിറ്റി കോളേജ് സംഘടന പ്രവര്‍ത്തനം അടിമുടി മാറേണ്ടതുണ്ട്. (ഈ വിഷയത്തില്‍ ഇനിയൊരു പ്രതികരണമില്ല.)

Related posts