കോന്നി: ഗ്രാമീണ കാഴ്ചകൾ കണ്ടു വളർന്ന മകന്റെ സ്വപ്നം തിരിച്ചറിഞ്ഞ പിതാവിനുള്ള ദക്ഷിണയാണ് ബാഷയുടെ വിജയം. സിവിൽ സർവീസ് പരീക്ഷയിൽ 565-ാം റാങ്ക് നേടിയ കോന്നി കുമ്മണ്ണൂർ മുളന്തറ ബാഷാ മനസിലിൽ ബാബുജാൻ മെയ്തീൻ – ഷഹബാനത്ത് ദമ്പതികളുടെ മകൻ 25 കാരനായ ബി. ബാഷ മുഹമ്മദിന്റെ കുട്ടിക്കാലം മുതലെയുള്ള മോഹമായിരുന്നു സിവിൽ സർവീസ്.
കുമ്പഴ മൗണ്ട് ബഥനി സ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യഭ്യാസം പൂർത്തീകരിച്ച ബാഷ തുടർന്ന് ഐരവൺ പിഎസ്വിവിഎം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഹ്യുമാനിറ്റീസിൽ പ്ലസ്ടുവും പത്തനംനിട്ട കാതോലിക്കേറ്റ് കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും പൂർത്തീകരിച്ച ശേഷമാണ് സിവിൽ സർവീസ് പരീശീലനത്തിലേക്ക് പൂർണമായി ശ്രദ്ധ കേന്ദ്രീകരിച്ചത്.
തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിലായിരുന്നു പരിശീലനം. 2016 മുതൽ ശ്രമിക്കുന്നുണ്ടെങ്കിലും ആദ്യ രണ്ടു തവണയും കിട്ടിയില്ല. ആഴത്തിലുള്ള വായനയും ചിട്ടയായ തയാറെടുപ്പുമാണ് തന്നെ വിജയത്തിൽ എത്തിച്ചതെന്ന് ബാഷ പറയുന്നു. പിതാവ് ബാബുജാനാണ് തന്റെ സ്വപ്നങ്ങളെ യഥാർഥ്യമാക്കിയത്.
എല്ലാറ്റിനും ബാപ്പയുടെ പിന്തുണ ഉണ്ടായിരുന്നു. കോന്നിയിലും പത്തനംതിട്ടയിലുമായിരുന്നു വിദ്യാഭ്യാസകാലം ചെലവിട്ടത്. ഈ നാട്ടിലെ കാഴ്ചകളാണ് ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലം മുതലെ ഒന്നിലധികം പത്രങ്ങൾ വായിച്ചിരുന്നു. പുസ്തകങ്ങളും ഇഷ്ടമായിരുന്നു.
നിരന്തരമുള്ള ശ്രമങ്ങളും ദൈവാനുഗ്രഹവും ഇവിടം വരെ എത്തിച്ചു. ഐപിഎസ് അല്ലെങ്കിൽ ഐആർഎസ് ആണ് സാധ്യത. വീണ്ടും ഉയർന്ന റാങ്കിൽ എത്താനായി ശ്രമിക്കുമെന്നും ബാഷ പറഞ്ഞു. ഏക സഹോദരൻ ബിൻഷാ മുഹമ്മദ് കോന്നി വിഎൻഎസ് കോളജിൽ ബിരുദവിദ്യാർഥിയാണ്. വിദേശത്തായിരുന്ന പിതാവ് ഏറെക്കാലം കോന്നിയിൽ വ്യാപാര സ്ഥാപനം നടത്തിയിരുന്നു.