തൃശൂർ: ചേലക്കര പാഞ്ഞാള്‍ തൊഴൂപ്പാടം 28ാം നമ്പര്‍ അങ്കണവാടിയിലെ കുടിവെള്ള വാട്ടര്‍ ടാങ്കില്‍ ചത്ത എലിയുടെയും, പുഴുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തി. ആരോഗ്യ വകുപ്പ് പരിശോധന നടത്തി.
സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി അങ്കണവാടിയിൽ ഇന്നലെ രാവിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പരിപാടികൾക്കായി വന്നപ്പോഴാണ് സംഭവം.
അടുക്കളയിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ പ്യൂരിഫയറിനുള്ളിൽ ചത്ത പല്ലിയെയും കണ്ടെത്തി.
വാട്ടർ ടാങ്ക് മാസങ്ങളോളമായി വൃത്തിയാക്കാതെ കിടക്കുന്ന അവസ്ഥയിലാണെന്ന് പറയുന്നു.
രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പോലീസിനെയും ആരോഗ്യ വകുപ്പിനെയും വിവരമറിയിച്ചു. പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി.
പരിശോധന നടത്തിയതായും വകുപ്പിന് റിപ്പോർട്ട് നൽകുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ബിനോയ് തോമസ് പറഞ്ഞു.