ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെട്ടി എന്ന കന്നഡക്കാരനായ വ്യവസായി. ചെറുപ്പത്തിൽതന്നെ ഗൾഫ് നാടുകളിലെത്തുകയും സ്വന്തം പരിശ്രമത്താൽ ലോകത്തെ പ്രമുഖ കോടീശ്വരന്മാരിൽ ഒരാളാവുകയും ചെയ്തയാളാണ് ഷെട്ടി. എന്നാൽ 2019ൽ ഷെട്ടിയുടെ പതനം ആരംഭിച്ചു. ഇന്ന് ആസ്തികൾ മുഴുവൻ മരവിപ്പിക്കപ്പെട്ട അദ്ദേഹം വെറും സാധാരണക്കാരനായി മാറിയിരിക്കുന്നു.
മുപ്പതിനായിരം കോടിക്കു മേൽ ആസ്തിയുണ്ടായിരുന്ന ഷെട്ടിയുടെ സമ്പത്ത് മുഴുവൻ തകർന്നടിഞ്ഞതു മാസങ്ങൾ കൊണ്ടാണ്. അതും മറ്റൊരാൾ ട്വിറ്ററിൽ ഷെട്ടിയുടെ കകമ്പനിയായ എംഎൻസി ഹെൽത്തിനെക്കുറിച്ച് ഉന്നയിച്ച ഒരു ആരോപണത്തെത്തുടർന്ന്. എല്ലാം തകർന്നടിഞ്ഞ ഷെട്ടി കഴിഞ്ഞ ദിവസം വീണ്ടും കോടതി അനുമതിയെത്തുടർന്ന് അബുദാബിയിൽ എത്തിച്ചേർന്നു. കേസിന്റെ നൂലാമലകളിൽ അകപ്പെട്ട തന്റെ കമ്പനികളെ രക്ഷിച്ചെടുക്കാനുള്ള അവസാന ശ്രമത്തിലാണദ്ദേഹം.
ഷെട്ടിയുടെ വിവിധ കമ്പനികളിലായി നൂറുകണക്കിനു മലയാളികൾ ജോലി ചെയ്തിരുന്നു. നമ്മുടെ ലാലേട്ടനെ നായകനായി നൂറുകണക്കിനു കോടി മുടക്കി മഹാഭാരതം എന്നൊരു സിനിമ ഷെട്ടി പ്ലാൻ ചെയ്തിരുന്നു. എന്തോ അത് പ്രാവർത്തികമായില്ല. മലയാളികളുടെ സ്വന്തം അറ്റ്ലസ് രാമചന്ദ്രൻ ഗൾഫ് നാടുകളിൽ ജയിലിൽ അകപ്പെട്ടപ്പോൾ അദ്ദേഹത്തെ ജയിലിൽനിന്നു മോചിതനാക്കുവാൻ അദ്ദേഹത്തിന്റെ ഗൾഫിലെ ആശുപത്രി ഏറ്റെടുക്കുവാനും അതിന്റെ പണമുപയോഗിച്ച് കടങ്ങൾ വീട്ടി രാമചന്ദ്രനെ പുറത്തെത്തിക്കാനും ഷെട്ടി കാണിച്ച ശുഷ്കാന്തി വാർത്തകളായി വന്നിരുന്നു.
ഒരുകാലത്ത് ഗൾഫ് മലയാളികളിൽ ബഹുഭൂരിപക്ഷവും പണം വീട്ടിലേക്ക് അയയ്ക്കാനും വിദേശ നാണ്യവിനിമയത്തിനുമായി ഉപയോഗിച്ചിരുന്ന യുഇഎ എക്സ്ചേഞ്ച് ഷെട്ടിയുടെ വ്യവസായ സാമ്രാജ്യങ്ങളിൽ ഒന്നു മാത്രമായിരുന്നു. എന്നാൽ എൺപത്തിയൊന്നുകാരനായ ഷെട്ടിക്ക് അടുത്തിടെ വൻ പതനമാണ് ഉണ്ടായത്. കൊടുമുടിയിൽനിന്ന് അഗാധഗർത്തത്തിലേക്കാണ് അദ്ദേഹം വീണത്.
ഒരു നാടോടിക്കഥ പോലെയായിരുന്നു ബിസിനസുകാരനായ ബി.ആർ. ഷെട്ടിയുടെ ജീവിതം. സമ്പത്തിന്റെ നെറുകയിൽനിന്നുള്ള അദ്ദേഹത്തിന്റെ പതനം അപ്രതീക്ഷിതമായിരുന്നു. ഒരിക്കൽ ബുർജ് ഖലീഫയിലെ (Burj Khalifa) രണ്ടുനിലകളും, സ്വകാര്യ ജെറ്റുമൊക്കെ സ്വന്തമായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ അവസാനം 12,400 കോടി രൂപയുടെ അദ്ദേഹത്തിന്റെ ആദ്യ കന്പനിയായഎംഎൻഎസി വെറും 74 രൂപയ്ക്ക് അദ്ദേഹത്തിന് വില്പന നടത്തേണ്ടതായി വന്നു.
കർണാടകയിലെ ഉഡുപ്പിയിൽ 1942ൽ ആയിരുന്നു ഷെട്ടിയുടെ ജനനം. കൈയിൽ വെറും 665 രൂപയുമായിട്ടാണ് ഷെട്ടി ഗൾഫ് നാടുകളിലെത്തുന്നത്. അവിടെ അവസരങ്ങൾ തേടി നടന്ന അദ്ദേഹം ഒടുവിൽ അവിടെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തി. ന്യൂ മെഡിക്കൽ സെന്റർ (എംഎൻസി ഹെൽത്ത്) എന്ന യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ഹെൽത്ത് ഓപ്പറേറ്റിംഗ് കമ്പനി അദ്ദേഹം സ്ഥാപിച്ചു. 19 രാജ്യങ്ങളിലായി 200 ഓളം പ്രശസ്തമായ ആശുപത്രികൾ അദ്ദേഹത്തിന്റെ കമ്പനിക്കു കീഴിയിൽ പ്രവർത്തിച്ചിരുന്നു.
ആരോഗ്യ മേഖലയ്ക്ക് പുറമെ ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, റീടെയിൽ മേഖലകളിലേക്കും അദ്ദേഹം ബിസിനസ് വ്യാപിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിൽ പ്രശസ്തമായ ഒരു കാറ്ററിംഗ് കന്പനിയും അദ്ദേഹം സ്ഥാപിച്ചിരുന്നു. വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ബിആർഎസ് വെഞ്ചേഴ്സ് എന്ന കന്പനിയും ഷെട്ടി സ്ഥാപിച്ചു. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഫിനാബ്ലർ എന്ന പ്രമുഖ ധനകാര്യ സ്ഥാപനവും അദ്ദേഹത്തിനുണ്ടായിരുന്നു. 2018ൽ ഫോബ്സിന്റെ കണക്കുകൾ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 4.2 ബില്യൺ ഡോളറായിരുന്നു. അതായത് 34,867 കോടി രൂപ.
ആഡംബര ജീവിതം ഇഷ്ടപ്പെട്ടിരുന്ന ഷെട്ടി, ഉയർന്ന വിലയുള്ള പ്രോപ്പർട്ടികൾ വാങ്ങിക്കൂട്ടിയിരുന്നു. ലോകപ്രശസ്തമായ ബുർജ് ഖലീഫയിലെ രണ്ട് നിലകൾ മുഴുവൻ അദ്ദേഹം സ്വന്തമാക്കിയത് 207 കോടി രൂപ നൽകിയാണ്. സ്വകാര്യ ജെറ്റ്, ഏഴു റോൾസ് റോയ്സ്, മെഴ്സിഡസ് മെയ്ബാക്ക് അടക്കമുള്ള ആഡംബര വാഹനങ്ങളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ദുബായ് വേൾഡ് ട്രേഡ് സെന്ററിലും പ്രോപർട്ടി സ്വന്തമാക്കി. 2014ൽ വാങ്ങിയ ഒരു പ്രൈവറ്റ് ജെറ്റ് കമ്പനിയിൽ ഷെട്ടിക്ക് 50 ശതമാനം ഓഹരി പങ്കാളിത്തമാണുണ്ടായിരുന്നത്.
ഷെട്ടിയുടെ സൗഭാഗ്യങ്ങൾക്ക് മേൽ കരിനിഴൽ വീണത് 2019 വർഷത്തിലാണ്. ഷോർട് സെല്ലറായ കാർസൺ ബ്ലോക്കിന്റെ യുകെ ആസ്ഥാനമായുള്ള, നിക്ഷേപ ഗവേഷണ സ്ഥാപനമായ മഡ്ഡി വാട്ടേഴ്സ് ഷെട്ടിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയതാണ് തുടക്കം. കമ്പനിയുടെ കാഷ് ഫ്ലോ ഷെട്ടി കൃത്രിമമായി ഉയർത്തി നിർത്തിയിരിക്കുകയാണെന്നും, ഇത് യഥാർഥ കടബാധ്യതകൾ മറച്ചുകൊണ്ടാണെന്നും ട്വിറ്ററിലൂടെയായിരുന്നു ആരോപണം. മഡ്ഡി വാട്ടേഴ്സിനും എംഎൻസിയിൽ ഓഹരികൾ ഉണ്ടായിരുന്നു. എന്നാൽ ഇവയുടെ വിലകൾ കാര്യമായി ഉയർന്നിരുന്നില്ല. ഇതാണ് കാർസൺ ബ്ലേക്ക് ഷെട്ടിക്കെതിരേ ആരോപണവുമായി രംഗത്തെത്താൻ കാരണം.
ഗുരുതരമായ ആരോപണത്തെ തുടർന്ന് കമ്പനിയുടെ ഓഹരിവിലകൾ തകർന്നു വീണു. ലണ്ടൻ ഓഹരിവിപണിയിൽനിന്ന് കമ്പനിയെ പിൻവലിച്ചു. 12,478 കോടി രൂപ മൂല്യമുണ്ടായിരുന്ന കമ്പനി വില്പന നടത്താൻ ഷെട്ടി നിർബന്ധിതനായി. അവസാനം ഒരു ഇസ്രയേലി-യുഎഇ കൺസോർഷ്യത്തിന് ഒരു ഡോളർ അഥവാ 74 രൂപ എന്ന പ്രതീകാത്മക വിലയ്ക്ക് അദ്ദേഹം കമ്പനി വില്പന നടത്തി.
സാമ്പത്തികം എന്നതിലുപരി നിരവധി നിയമ നടപടികളാണ് ഷെട്ടിക്ക് വെല്ലുവിളികൾ സൃഷ്ടിച്ചത്. അബുദാബി കൊമേഷ്യൽ ബാങ്ക്, ഇന്ത്യൻ അഥോറിറ്റികൾ തുടങ്ങിയവയിൽനിന്ന് അദ്ദേഹത്തിന് നിയമപ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ഷെട്ടിയുടെ അക്കൗണ്ടുകൾ യുഎഇ സെൻട്രൽ ബാങ്ക് കണ്ടു കെട്ടി. അദ്ദേഹത്തിൻ ബിസിനസുകൾക്ക് നിരോധനം നേരിടേണ്ടി വന്നു. അക്കൗണ്ടുകൾ എല്ലാം മരവിപ്പിച്ച് നിയമനടപടികൾ ആരംഭിച്ചപ്പോൾ 2020ന്റെ തുടക്കത്തിൽ ഷെട്ടി ഇന്ത്യയിലേക്ക് കടന്നു. ഇന്ത്യയിലും ഷെട്ടിക്ക് വായ്പ നൽകിയിരുന്ന ചില ബാങ്കുകൾ അദ്ദേഹത്തിനെതിരേ തിരിഞ്ഞു.
വായ്പ തിരിച്ചടയ്ക്കൽ നടപടികൾ നേരിട്ട ഷെട്ടിക്ക് വിദേശത്തേക്ക് പോകാൻ കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയതിന് പിന്നാലെ ഷെട്ടി യുഎഇയിൽ തിരിച്ചത്തിയിരുന്നു. ബ്യൂറോ ഓഫ് ഇമിഗ്രേഷനും ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണൽ ബാങ്കും പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസുകൾ കോടതി തള്ളുകളയും അബുദാബിയിലേക്ക് യാത്ര ചെയ്യാൻ സോപാധിക അനുമതി നൽകുകയുമായിരുന്നു. ചികിത്സയ്ക്കായി അബുദബിയിലേക്ക് പോകണമെന്നാണ് ഷെട്ടി കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയത്.
ഡോക്ടറും എംഎൻസിയുടെ മുൻ ഡയറക്ടറുമായ ഭാര്യ ഡോ. ചന്ദ്രകുമാരിയും അദ്ദേഹത്തോടൊപ്പം അബുദാബിയിലേക്ക് പോയിട്ടുണ്ട്. എംഎൻസിയിലെ ആദ്യ ജീവനക്കാരിയായിരുന്ന ചന്ദ്രകുമാരിയെ 2020ൽ പുതിയ മാനേജ്മെന്റ് പുറത്താക്കുകയായിരുന്നു. അവർക്ക് രണ്ടു ലക്ഷം ദിർഹമാണു കന്പനിയിൽനിന്നു ശന്പളമായി നൽകിക്കൊണ്ടിരുന്നത്. അബുദാബിയിൽ തിരിച്ചെത്തിയ ഷെട്ടി ശ്രമിക്കുക നിയമക്കുരുക്കുകളിൽനിന്നു തന്റെ കന്പനികളെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാവും.
പക്ഷേ ഇപ്പോൾ 81 വയസ് പ്രായമുള്ള ഷെട്ടിക്ക് അത് എത്രത്തോളം പ്രാവർത്തികമാക്കാനാവുമെന്ന് കണ്ടറിയുകതന്നെ വേണം. സന്പത്ത് വേണ്ടുവോളമുണ്ടായിരുന്ന കാലത്ത് എല്ലവരെയും അകമഴിഞ്ഞു സഹായിച്ചിരുന്നയാളാണ് ഷെട്ടി. നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളും അദ്ദേഹം നടത്തിയിരുന്നു. അങ്ങനെയുള്ള ബി.ആർ. ഷെട്ടി ബിസിനസിൽ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുമെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും മുൻ ജീവനക്കാരും ആരാധകരുമെല്ലാം വിശ്വസിക്കുന്നത്.
എസ്. റൊമേഷ്