ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ മലയാളി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് കരുക്കള്‍ നീക്കുന്നത് പ്രമുഖ കര്‍ണാടക വ്യവസായി ബി.ആര്‍ ഷെട്ടി. ജയില്‍ മോചിതനായാല്‍ ബാങ്കുമായുള്ള കട ബാധ്യതകള്‍ തീര്‍ക്കാനാകുമെന്നാണ് രാമചന്ദ്രന്റെ വിശ്വാസം. മസ്‌കറ്റിലെ ആശുപത്രി വിറ്റ പണം കൈവശമുണ്ട്. അത് കടം വീട്ടാനുപയോഗിക്കാം. ബിആര്‍ ഷെട്ടിയാണ് ആശുപത്രി വാങ്ങിയത്. പുറത്ത് വരാനായാല്‍ ആ പണം കൊണ്ട് കടങ്ങള്‍ വീട്ടാനാകും. ഇക്കാര്യം യുഎഇ അധികൃതരെ ബോധ്യപ്പെടുത്താന്‍ ഷെട്ടിയും സഹായവുമായി രംഗത്തുണ്ട്.
രാമചന്ദ്രന്റെ ഭാര്യമാത്രമാണ് ഇപ്പോള്‍ പുറത്തുള്ളത്. ഒരു മകളും ഭര്‍ത്താവും ജയിലിലാണ്. 22 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇതില്‍ 19 ബാങ്കുകള്‍ സമവായത്തിന് തയ്യാറായിട്ടുണ്ട്. മൂന്ന് ബാങ്കുകളും കൂടി സമവായത്തിന് തയ്യാറാവാനുണ്ട്. രാമചന്ദ്രന്റെ അഭിഭാഷകര്‍ ഇവരുമായി ചര്‍ച്ച നടത്തുന്നുണ്ട്. മൂന്ന് ബാങ്കുകള്‍ കൂടി സമ്മതിച്ചാല്‍ അറ്റ്ലസ് രാമചന്ദ്രന് ഏതു നിമിഷവും പുറത്തുവരാനാകുമെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. യുഎഇയിലെ വമ്പന്‍ വ്യവസായിയാണ് ബിആര്‍ ഷെട്ടി. അദ്ദേഹത്തിന്റെ യുഎഇ എക്‌സേചേഞ്ച് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മണി എക്‌സചേഞ്ച് സ്ഥാപനമാണ്. വലിയ വ്യക്തി ബന്ധങ്ങള്‍ യുഎഇയിലെ ഭരണാധികാരികളുമായി ബിആര്‍ ഷെട്ടിക്കുണ്ട്. ഇതെല്ലാം അറ്റ്‌ലസ് രാമചന്ദ്രന് തുണയാകും.
അറ്റ്ലസ് രാമചന്ദ്രന്‍ ജയിലിലായപ്പോള്‍ ആരും സഹായത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ സഹായത്തിനായി മുട്ടാത്ത വാതിലുകളുമില്ല. എന്നിട്ടും ചില വാതിലുകള്‍ മനപ്പൂര്‍വ്വം തുറക്കുന്നില്ല. തന്റെ ഭര്‍ത്താവിന് മനുഷ്യത്വപരമായ നീതി ലഭിച്ചില്ലെന്ന് ഇന്ദിര തിരിച്ചറിഞ്ഞു. രാമചന്ദ്രന്‍ ജയിലിലായ ശേഷം ആദ്യമായി ഇന്ദിരയുടെ മുഖം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഓജസോടെ രാമചന്ദ്രനൊപ്പം നിന്ന ഇന്ദിര ഇന്നാകെ മാറിയിരിക്കുന്നു. ആ മുഖത്തിലുണ്ട് അനുഭവിക്കുന്ന പീഡകളുടെ യഥാര്‍ത്ഥ ചിത്രം. ഖാലിജ് ടൈംസിനോടാണ് തന്റെ വേദനിക്കുന്ന അവസ്ഥ ഇന്ദിര വിശദീകരിച്ചത്. ഇത് ബി ആര്‍ ഷെട്ടിയുടെ ശ്രദ്ധയിലും പെട്ടു. ഇതോടെയാണ് സഹായത്തിന് തയ്യാറായി അദ്ദേഹം സജീവമായത്. നേരത്തെ ആശുപത്രികള്‍ ഏറ്റെടുക്കാന്‍ ഷെട്ടി സമ്മതം പ്രകടിപ്പിച്ചു. എന്നാല്‍ ആയിരം കോടി മുടക്കുമുതലുള്ള മലയാളത്തിലെ ഇതിഹാസമായ രണ്ടാമൂഴത്തിന്റെ സിനിമാ നിര്‍മ്മാണം ഷെട്ടി ഏറ്റെടുത്തിരുന്നു. ഇതോടെ സഹായത്തില്‍ നിന്ന് പിന്മാറിയെന്ന് വാര്‍ത്തയെത്തി. ഇതിനിടെയാണ് രാമചന്ദ്രന്റെ ഭാര്യയുടെ അഭിമുഖം ഖലീജ് ടൈംസിലെത്തിയത്. ഇങ്ങനെയാണ് ഷെട്ടി വീണ്ടും രക്ഷകവേഷത്തിലെത്തുന്നത്.
2015 ഓഗസ്റ്റ് 23നാണ് 74കാരനായ അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റിലായത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ബാങ്കുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രാമചന്ദ്രനെ ജയിലിലടച്ചത്. പുറത്തിറങ്ങിയാല്‍ ഇന്ത്യയില്‍ അറ്റ്ലസ് വാങ്ങിക്കൂട്ടിയതും ഇപ്പോള്‍ പലമടങ്ങു വില വര്‍ധിച്ചതുമായ ചില വസ്തുക്കള്‍ വിറ്റാല്‍ പോലും രാമചന്ദ്രന് ബാധ്യത തീര്‍ക്കാം. എന്നാല്‍ ഈ സ്വത്തില്‍ കണ്ണുള്ളവര്‍ അതിന് വിഘാതം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ രാമചന്ദ്രന് അനുകൂലമായ നിയമ നടപടികള്‍ പോലും അട്ടിമറിക്കപ്പെടുകയായിരുന്നു. ഷെട്ടി സഹായിക്കാനെത്തിയപ്പോള്‍ വീണ്ടും പ്രതീക്ഷ എത്തുകയാണ്. യുഎഇയിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പായ എന്‍എംസിയുടെ ഉടമ ഡോ. ബി ആര്‍ ഷെട്ടി. തിരുവനന്തപുരത്തെ എസ് യു ടി അടക്കം നൂറുകണക്കിന് ആശുപത്രികള്‍ ഈ ഗ്രൂപ്പിനുണ്ട്. അതുകൊണ്ട് കൂടിയാണ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന അറ്റ്‌ലസ് ആശുപത്രികള്‍ ഷെട്ടി ഏറ്റെടുക്കുന്നത്.
ജനകോടികളുടെ വിശ്വസ്ത സ്ഥാപനംഎന്ന പരസ്യത്തിലൂടെ സ്വയം മോഡലായി പ്രത്യക്ഷപ്പെട്ട അറ്റ്‌ലസ് രാമചന്ദ്രന്‍ 2015 ഓഗസ്റ്റ് 23നാണ് ദുബായില്‍ അറസ്റ്റിലായത്. ബാങ്ക് വായ്പ വക മാറ്റി ചെലവഴിച്ചതും 77 ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയതുമായിരുന്നു കുറ്റം. ഗള്‍ഫില്‍ 50 ജ്യൂവലറി ഷോറുമുകളുണ്ട്. അബുദാബിയിലെ പ്രമുഖ ആശുപത്രിയായ അറ്റ്‌ലസ് ഹെല്‍ത്ത് കെയര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും ഇന്ത്യയിലെ ജുവലറിശാഖകളും ഇതിന് പുറമേയാണ്. മറ്റ് വിദേശരാജ്യങ്ങളിലും അറ്റ്‌ലസ് രാമചന്ദ്രന് നിക്ഷേപങ്ങളുണ്ട്. ഈ ആസ്തികള്‍ പ്രയോജനപ്പെടുത്തിയാണ് മോചനനീക്കം നടക്കുന്നത്.
നിര്‍ദ്ദോഷമായ ഒരു പൊങ്ങച്ചം ഒഴിച്ചാല്‍ നല്ല ഒരു വ്യക്തിത്വത്തിനുടമയായിരുന്നു രാമചന്ദ്രന്‍ എന്നും പറയുന്നവര്‍ കുറവല്ല. എന്നാല്‍ രാമചന്ദ്രന്‍ മറ്റ് സ്വര്‍ണ്ണകടകളില്‍ നിന്നൊക്കെ വ്യത്യസ്തമായി ഏറെ പ്രശസ്തിയും പെരുമയും സ്വന്തമാക്കിയിരുന്നത് മറ്റ് ഘടകങ്ങള്‍ മൂലം ആയിരുന്നു എന്ന് വേണമെങ്കില്‍ പറയാം. സ്വന്തം സ്വര്‍ണ്ണക്കടയുടെ പരസ്യത്തില്‍ സ്വയം ശബ്ദം നല്‍കി രാമചന്ദ്രന്‍ പ്രശസ്തി നേടി. ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം എന്ന രാമചന്ദ്രന്റെ പരസ്യ വാചകം പിന്നീട് മിമിക്രി കലാകാരന്മാരുടെ ഇഷ്ട ഡയലോഗായി മാറുകയായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ പ്രവാസികള്‍ക്കിടയിലെ മികച്ച സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു രാമചന്ദ്രന്‍ നായര്‍. നിരവധി കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സിനിമാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകള്‍ നിര്‍മ്മിച്ചത് രാമചന്ദ്രനാണ്. ആനന്ദഭൈരവി, അറബിക്കഥ, മലബാര്‍ വെഡിങ്ങ്, ടു ഹരിഹര്‍ നഗര്‍, തത്വമസി, ബോബൈ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ഹോളിഡേയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.
ജ്യൂവല്ലറി രംഗത്ത് കൂടാതെ മറ്റ് ആശുപത്രി രംഗത്തും അറ്റ്‌ലസ് രാമചന്ദ്രന്റെ കൈയൊപ്പ് ചാര്‍ത്തിയിരുന്നു. മറ്റ് ആശുപത്രികളില്‍ നിന്ന് വിഭിന്നായിരുന്നു അദ്ദേഹത്തിന്റെ ആശുപത്രികള്‍. ഇവിടെ സ്വകാര്യ ആശുപത്രികളുടെ കടുംപിടിത്തമില്ല. ആര്‍ക്കും ചികില്‍സ കിട്ടുന്നുവെന്ന് പ്രവാസി മലയാളികള്‍ പോലും പറയുകയുണ്ടായി. യുഎഇയ്ക്ക് പുറമേ ഖത്തര്‍, സൗദി, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലും അറ്റ്‌ലസ് ജുവല്ലറിക്ക് ഷോറൂമുകള്‍ ഉണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ്, ആരോഗ്യ, സിനിമാ മേഖലകളിലും അറ്റ്‌ലസ് ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു. പല റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും ഇടനിലക്കാരനായിരുന്ന അറ്റ്‌ലസ് രാമചന്ദ്രനെ വീഴ്ത്തേണ്ടതു ചിലരുടെ ബിസിനസ് താല്‍പ്പര്യമായിരുന്നു. ഇപ്പോള്‍ രാമചന്ദ്രന്‍ മോചിതനാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ കുടുംബത്തെ മാത്രമല്ല മലയാളികളെ ഒന്നാകെയാണ് സന്തോഷിപ്പിക്കുക.