കൊട്ടാരക്കര: മുൻ എം.എൽ.എയും എസ്.സി-എസ്.ടി കോർപറേഷൻ ചെയർമാനുമായ കൊട്ടാരക്കര താമരക്കുടി രാഖിയിൽ ബി.രാഘവൻ(69) അന്തരിച്ചു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്കെടിയു സംസ്ഥാന ട്രഷററുമാണ്. കോവിഡ് ബാധയെത്തുടർന്നാണ് അന്ത്യം.
രോഗബാധയെ തുടർന്ന് രണ്ടാഴ്ച മുൻപ് ബി.രാഘവനെയും കുടുംബ ാംഗങ്ങളെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കടുത്ത ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെയാണ് ബി.രാഘവനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
കൊവിഡ് നെഗറ്റീവായിട്ടും ആരോഗ്യനില മോശമായി തുടരുകയായിരുന്നു. ഇരു കിഡ്നികളുടെയും പ്രവർത്തനശേഷി നഷ്ടമായതോടെ സ്ഥിതി കൂടുതൽ സങ്കീർണമായി. ഇന്ന് പുലർച്ചെ മരിച്ചു.
സിപിഎമ്മിന്റെ കൊല്ലം ജില്ലയിലെ പ്രധാനികളിൽ ഒരാളാണ് ബി.രാഘവൻ. കൊല്ലം എസ് എൻ കോളജിലെ പഠനകാലത്ത് എസ്എഫ്ഐ പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്.
എഴുകോൺ ഗ്രാമപഞ്ചായത്ത് ഓഫീന് സമീപമായിരുന്നു മുൻപ് താമസിച്ചിരുന്നത്. പിന്നീട് മൈലം താമരക്കുടിയിലേക്ക് മാറി താമസിച്ചു.
നന്നെ ചെറുപ്രായത്തിൽ വിപ്ളവ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന രാഘവൻ 1987ൽ നെടുവത്തൂരിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1991ൽ വീണ്ടും നിയമസഭയിലെത്തി.
1996ൽ കോൺഗ്രസിലെ എഴുകോൺ നാരായണനോട് പരാജയപ്പെട്ടുവെങ്കിലും 2006ൽ 48023 വോട്ടിന്റെ ഭൂരിപക്ഷം നേടി തിരികെ നിയമസഭയിലെത്തി.
സാധാരണക്കാരന്റെ പ്രശ്നങ്ങൾക്കൊപ്പം ചേർന്നുനിന്നതായിരുന്നു രാഘവനെ കൂടുതൽ സ്വീകാര്യനാക്കിയത്.
മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് താമരക്കുടിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ:രേണുക. മക്കൾ : രാകേഷ്.ആർ. രാഘവൻ, രാഖി ആർ.രാഘവൻ.