തിരുവനന്തപുരം: പോലീസ് മേധാവിയാകാത്തതില്‍ തനിക്ക് നിരാശയില്ലെന്ന് ഇന്ന് വിരമിക്കുന്ന ഫയർഫോഴ്സ് ഡിജിപി ഡോ. ബി. സന്ധ്യ. എന്തുകൊണ്ട് പോലീസ് മേധാവിയാക്കിയില്ലെന്നതിന് മറുപടി പറയേണ്ടത് ഉത്തരവാദപ്പെട്ടവരാണ്.
സ്ത്രീ എന്ന നിലയില്‍ യാതൊരു തരത്തിലുമുള്ള വിവേചനവും സേനയില്‍ തനിക്ക് നേരിട്ടിട്ടില്ലെന്നും സന്ധ്യ പറഞ്ഞു.ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ നേരിട്ടത് വലിയ വെല്ലുവിളിയായിരുന്നു.
ബ്രഹ്മപുരത്തെ തീ കെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായിട്ടാണ് കാണുന്നത്. അതേസമയം വിവാദമായ കേസുകളില്‍ പ്രതികരണത്തിനില്ലെന്നും ബി. സന്ധ്യ പറഞ്ഞു.
ബി. സന്ധ്യക്കൊപ്പം എക്സൈസ് കമ്മീഷണറും ഡിജിപിയുമായ എസ്. ആനന്ദകൃഷ്ണനും ഇന്നു സർവീസിൽനിന്ന് വിരമിക്കും. 1988 ബാച്ച് ഐപിഎസ് ഓഫീസർ ആയ സന്ധ്യ പാല സ്വദേശിയാണ്.
ആലപ്പുഴ സെന്റ് ആന്റണീസ് ജിഎച്ച്എസ്, ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ് എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്ശേഷം പാല അൽഫോണ്‍സ കോളജിൽ നിന്ന് റാങ്കോടെ എംഎസ്സി ബിരുദം നേടി. മ
ത്സ്യഫെഡിൽ പ്രോജക്ട് ഓഫീസറായി രണ്ട് വർഷത്തെ സേവനത്തിന് ശേഷമാണ് ഇന്ത്യൻ പോലീസ് സർവീസിൽ ചേർന്നത്. തിരുവനന്തപുരം സ്വദേശിയായ എസ്. ആനന്ദകൃഷ്ണൻ 1989 ബാച്ചിലെ ഐപിഎസ് ഓഫീസറാണ്.
എംഎ സോഷ്യോളജി ബിരുദധാരിയായ അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കാനറാ ബാങ്ക്, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ ജോലി നോക്കിയ ശേഷമാണ് ഇന്ത്യൻ പോലീസ് സർവീസിലെത്തുന്നത്.