കോട്ടയം: ഉന്നത പഠനത്തിനുശേഷം വൈറ്റ് കോളർ ജോലി കിട്ടണമെന്ന വാശിയൊന്നും ഈ യുവാക്കൾക്കില്ല. ജീവിക്കാനായി ചായക്കട നടത്തി മാതൃകയായിരിക്കുകയാണ് നാലു യുവാക്കൾ.
കോട്ടയം കുര്യൻ ഉതുപ്പ് റോഡിൽ ടീ കഫേ എന്ന പേരിൽ ചെറിയ ചായക്കട നടത്തുന്ന ആലപ്പുഴ സ്വദേശികളായ ലിബിൻ, ബിലാൽ, തൊടുപുഴ സ്വദേശി ഡിക്സൻ, വണ്ടിപ്പരിയാർ സ്വദേശി മണികണ്ഠൻ എന്നിവരാണ് അധ്വാനത്തിന്റെ മഹത്വം ലോകത്തിനു കാട്ടികൊടുക്കുന്നത്.
ലിബിനും ഡിക്സനും ബിലാലും ബിടെക് ബിരുദധാരികളാണ്. ഇവർക്ക് പഠനത്തിനുശേഷം ഉന്നത ജോലി ലഭിച്ചില്ല. ജോലി ലഭിച്ചില്ലെന്ന വിഷമത്തിലിരിക്കാതെ ഇവർ മൂന്നു പേരും ഒരുമിച്ച് ചെറിയ ഒരു കട തുടങ്ങുകയായിരുന്നു.
ആളുകൾക്ക് വ്യത്യസ്തമായി എന്തെങ്കിലും നൽകണമെന്ന ചിന്തയായിരുന്നു ഇവർക്കുണ്ടായിരുന്നത്. അങ്ങനെയാണ് വ്യത്യസ്തമായ ചായയും കടിയും നൽകുന്നതിനായി ഒരു പെട്ടികട തുടങ്ങുന്നത്. പത്തിലധികം വ്യത്യസ്ത രുചികളിലുള്ള ചായയാണ് ഇവിടെയുള്ളത്.
മിന്റ് ചായ, ബിരിയാണി ചായ, മാസാല ചായ തുടങ്ങിയവയ്ക്ക് ഇപ്പോൾ ആവശ്യക്കാരേറെയാണ്. ചായക്കെപ്പം കുഴലപ്പം, വടി, വെട്ടുകേക്ക്, മുറുക്ക്, കോണപ്പം തുടങ്ങിയ വ്യത്യസ്തമായ രുചിയുള്ള പലഹാരങ്ങളുമാണ് ഇവിടെയുള്ളത്.
കട തുടങ്ങിയപ്പോൾ വിജയിക്കുമെന്ന പ്രതീക്ഷയില്ലയിരുന്നെങ്കിലും ഇപ്പോൾ നല്ല കച്ചവടമാണുള്ളത്. ടി കഫേയിലെ ചായയുടെ രുചി തേടി നിരവധിയാളുകളാണ് ഇവിടെയത്തുന്നത്.
വൈകുന്നേരം നാലു മുതൽ രാത്രി 11വരയൊണ് പ്രവർത്തന സമയം. നാലു പേരുടെയും സുഹൃത്തായ വണ്ടിപെരിയാർ സ്വദേശിയും ബസേലിയസ് കോളജിലെ വിദ്യാർഥിയുമായ മണികണ്ഠനും ഇവരോടൊപ്പമുണ്ട്.
പഠന സമയത്തിനുശേഷം കടയിലെത്തുന്ന മണികണ്ഠനും ഇപ്പോൾ ചെറിയ വരുമാനം ലഭിക്കുന്നു. നാലു ചെറുപ്പാക്കാരുടെ ഈ ചെറിയ സംരംഭം ഇതിനോടകം സോഷ്യൽ മീഡിയായിൽ ഹിറ്റായി കഴിഞ്ഞു.