കരഞ്ഞും നിലവിളിച്ചും ദിവസങ്ങളോളം നീണ്ട യാത്ര. ട്രെയിൻ ഒടുവിൽ ചൈനയിലെ ജപ്പാൻ അധിനിവേശ പ്രദേശമായ ജിലിനിൽ എത്തി. അവിടെനിന്നു ലീയെയും മറ്റ് പെൺകുട്ടികളെയും കൊണ്ടുപോയതു ജപ്പാൻ പട്ടാളക്കാരുടെ ക്യാന്പിലേക്ക്.
അപ്പോഴും ആ പെൺകുട്ടികൾ ആരും കാത്തിരിക്കുന്ന അപകടം മണത്തിരുന്നില്ല. ക്യാന്പിലെ ജോലിക്കും മറ്റു സഹായങ്ങൾക്കും വേണ്ടിയാണ് തങ്ങളെ അവിടെ എത്തിച്ചതെന്നാണ് ആ പെൺകുട്ടികൾ വിശ്വസിച്ചിരുന്നത്.
ലീയും അങ്ങനെതന്നെ കരുതി. ആ ക്യാന്പ് ശരിക്കും ഒരു തടങ്കൽ പാളയമായിരുന്നു. അനുവാദമില്ലാതെ ആർക്കും പുറത്തേക്കു പോകാൻ വഴികളൊന്നുമുണ്ടായിരുന്നില്ല.
ഒരു തരത്തിലും രക്ഷപ്പെടാതിരിക്കാൻ മതിലിനു മുകളിൽ കന്പിവലകൾ സ്ഥാപിച്ചിരുന്നു. മാത്രമല്ല, ആ കന്പിവലയിൽകൂടി വൈദ്യുതിയും കടത്തിവിട്ടിരുന്നു. അതിനാൽ രക്ഷപ്പെടുക എന്നൊരു സാഹസത്തിനു മുതിരാനുള്ള ധൈര്യം പോലും ആർക്കും ഉണ്ടായിരുന്നില്ല.
എതിർത്തപ്പോൾ
ക്യാന്പിലെ പരേഡ് ഗ്രൗണ്ടിലെ പുല്ലു പറിക്കുക, പാത്രങ്ങൾ കഴുകുക, തുടങ്ങിയ ജോലികളാണ് ഇവർക്കു തുടക്കത്തിൽ നല്കിയിരുന്നത്. കേൾക്കുന്പോൾ നിസാരമെന്നു തോന്നിയേക്കാവുന്ന ജോലിയാണെങ്കിലും പത്തും പതിനഞ്ചും വയസുള്ള പെൺകുട്ടികളെ സംബന്ധിച്ച് അവ വളരെ പ്രയാസമേറിയതായിരുന്നു.
മാത്രമല്ല അതൊരു വലിയ പട്ടാളക്യാന്പ് ആയിരുന്നു. അവിടെ അത്രയേറെ ജോലികൾ ചെയ്തുതീർക്കാനുണ്ടായിരുന്നു. എന്നാൽ, അതിനേക്കാൾ എത്രയോ വലിയ പരീക്ഷണങ്ങളാണ് തങ്ങളെ കാത്തിരിക്കുന്നത് അവർ അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല.
“മനുഷ്യർ എന്ന പരിഗണന നൽകാതെയാണ് അവർ ഞങ്ങളെക്കൊണ്ടു പണിയെടുപ്പിച്ചത്. പലപ്പോഴും ശരീരം നുറുങ്ങുന്ന വേദന അനുഭവിച്ചിട്ടുണ്ട്.
തീർത്തും മടുത്ത ഒരു ദിവസം ജോലി ചെയ്യാനാവില്ലെന്നു ഞാൻ തറപ്പിച്ചു പറഞ്ഞു. എന്നാൽ, ആ ചെറുത്തുനിൽപ്പ് എന്റെ ജീവിതത്തെ കൂടുതൽ ഭീകരമാക്കി. മിലിട്ടറി ക്യാന്പിൽനിന്ന് എന്നെ മാറ്റി.
കംഫർട്ട് സ്റ്റേഷൻ
അവിടെനിന്ന് എന്നെ കൊണ്ടുപോയതു നീണ്ട വരാന്തയുള്ള ഒരു ചെറിയ വീട്ടിലേക്കായിരുന്നു. വരാന്തയുടെ ഇരുവശത്തും പലകകൾകൊണ്ടു വേർതിരിച്ച കുഞ്ഞു കുഞ്ഞു മുറികളുണ്ടായിരുന്നു. കഷ്ടിച്ച് ഒരു കിടക്ക മാത്രം വിരിക്കാനുള്ള ഇടമേ അതിനുള്ളിൽ ഉണ്ടായിരുന്നുള്ളു. “ദൈച്ചി ഇയാൻജ്യോ’ എന്നായിരുന്നു ആ ഇടത്തിന്റെ വിളിപ്പേര്.
ദൈച്ചി ഇയാൻജ്യോ എന്നാൽ കംഫർട്ട് സ്റ്റേഷൻ എന്നാണ് അർഥം. ശരിക്കും പെൺകുട്ടികളുടെ അടിമഭൂമി. യുദ്ധത്തെത്തുടർന്നു ജപ്പാൻ പട്ടാളക്കാർക്കുണ്ടാകുന്ന മാനസിക സമ്മർദം കുറയ്ക്കാനായി പെൺകുട്ടികളെ ഉപയോഗിക്കുന്ന കേന്ദ്രമായിരുന്നു അത്.
അവർ ഞങ്ങളെ കംഫർട്ട് വിമൺ എന്ന് ഓമനപ്പേരിട്ടു വിളിച്ചു. പക്ഷേ, യഥാർത്ഥത്തിൽ ഞാനുൾപ്പെടെഅവിടെയുണ്ടായിരുന്ന ഓരോ പെൺകുട്ടിയും ലൈംഗിക അടിമകളായിരുന്നു. അവരുടെ അഭിനിവേശങ്ങളുടെ ഇരകൾ.
കാബിനിലേക്ക്
ചെന്നപ്പോൾത്തന്നെ ഒരു സ്ത്രീ നീണ്ടു കിടക്കുന്ന ക്യാബിനുകളിൽ ഒന്നിലേക്കു വിരൽ ചൂണ്ടി എന്നോട് അവിടേക്കു ചെല്ലാൻ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ മുറിക്കുള്ളിലേക്ക് ഒരു പട്ടാളക്കാരൻ വന്നു. അയാൾ എന്നോട് എന്തൊക്കെയോ ആജ്ഞാപിക്കും പോലെ പറഞ്ഞു.
എനിക്കൊന്നും മനസിലായില്ല. പേടിച്ചരണ്ടുനിന്ന എന്നെ അയാൾ പെട്ടെന്നു കടന്നുപിടിച്ചു. ചെറുക്കാൻ ശ്രമിക്കുന്തോറും എന്റെ ശക്തി ചോർന്നു പോകുകയായിരുന്നു. കുറേ നേരം കഴിഞ്ഞ് അയാൾ മുറിയിൽനിന്നു പുറത്തേക്കിറങ്ങി.
അയാൾ പോയ ശേഷവും എന്റെ ശരീരത്തിനു മുകളിൽ ഒരു ഭാരം അനുഭവപ്പെട്ടു. നിലത്തു വിരിച്ചിരുന്ന പുതപ്പിൽ പടർന്ന ചുവപ്പും ദേഹമാസകലം പടർന്ന വേദനയും നീറ്റലും ഇന്നും എനിക്കോർമയുണ്ട്. അവിടെനിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് എനിക്കു തോന്നി. പക്ഷേ, അതിനാദ്യം നിലത്തുനിന്ന് എഴുന്നേൽക്കണം.
അതിനുള്ള ആരോഗ്യം എനിക്കുണ്ടായിരുന്നില്ല. ആദ്യത്തെ പട്ടാളക്കാരൻ പുറത്തേക്കിറങ്ങി അധികം വൈകാതെ അടുത്തയാൾ വന്നു. അയാളും എന്നെ ആക്രമിച്ചു. അയാൾ മുറിയിൽ നിന്നിറങ്ങിയപ്പോൾ അടുത്തയാൾ. ഇത് ആ ദിവസം മുഴുവൻ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരുന്നു.
നടത്തിപ്പുകാർ
ജപ്പാൻ സ്വദേശികളായ ഭാര്യയും ഭർത്താവുമായിരുന്നു കംഫർട്ട് സ്റ്റേഷന്റെ നടത്തിപ്പുകാർ. അവർക്കു മക്കളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങളുടെ വേദന അവർക്കു മനസിലായതുമില്ല. അവർക്കു ഞങ്ങൾ കൊറിയക്കാരോടു വെറുപ്പായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിൽപ്പോലും അവർ വിവേചനം കാണിച്ചു.
ജപ്പാൻ പെൺകുട്ടികൾക്കു ചോറും ഇറച്ചിയുമെല്ലാം കഴിക്കാൻ കൊടുക്കുന്പോൾ ഞങ്ങൾക്കു തന്നിരുന്നതു ധാന്യങ്ങളും ഉണങ്ങിയ പച്ചക്കറിയും. അവിടെ എത്തപ്പെട്ട ശേഷം ഒരിക്കൽ പോലും എന്റെ വിശപ്പ് ശമിച്ചിട്ടില്ല. ആദ്യ ദിവസത്തെ അനുഭവം തന്നെയായിരുന്നു പിന്നെ അങ്ങോട്ടുള്ള എല്ലാ ദിവസവും ഉണ്ടായത്.
ഒരു ദിവസം നാൽപ്പതു മുതൽ അൻപതു പട്ടാളക്കാരുടെ വരെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വരാറുണ്ട്. എതിർത്താൽ പട്ടാള സേനയുടെ വാൾ ഉപയോഗിച്ചു വെട്ടി നുറുക്കുമെന്നായിരുന്നു അവരുടെ ഭീഷണി. ചിലർ ഭീഷണിപ്പെടുത്തില്ല, മറിച്ചു യാതൊരു ദയയുമില്ലാതെ നമ്മുടെ മുഖം നിലത്തുരയ്ക്കും.
രക്ഷപ്പെടാൻ ശ്രമം
ഈ നിലയ്ക്കാത്ത ക്രൂരതകൾ മൂലം സഹികെട്ട ഞാൻ ഒരു ദിവസം അവിടെനിന്നു രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ, ഗേറ്റ് കടക്കുന്നതിനു മുൻപ് പിടിവീണു. ഒരു പട്ടാളക്കാരൻ എന്നെ പൊതിരെ തല്ലി. കാലു വെട്ടുമെന്നും പിന്നെ നീയെങ്ങനെ രക്ഷപ്പെടുമെന്നും ചോദിച്ച് എനിക്കു നേരെ അലറി. അന്ന് ആ വാളുകൊണ്ട് അയാളെന്നെ ചട്ടം പഠിപ്പിച്ചതിന്റെ മുറിപ്പാടുകൾ ഇന്നും എന്റെ കാലിലുണ്ട്.
ഒരിക്കൽ ഒരു പട്ടാളക്കാരന്റെ ഇംഗിതങ്ങൾക്കു വഴങ്ങാത്ത ഒരു പെൺകുട്ടിയെ ഞങ്ങളുടെ മുന്നിൽ വച്ച് അവർ കൊലപ്പെടുത്തി. അവളുടെ നെഞ്ചിലേക്കു മൂർച്ചയുള്ള വാൾ കുത്തിയിറക്കിയ ശേഷം അയാൾ ഞങ്ങളോട് ആക്രോശിച്ചു “എതിർത്താൽ ഇതു തന്നെയാകും നിങ്ങളുടെയും വിധി’. ഞങ്ങൾക്കുള്ള താക്കീതായിരുന്നു അവളുടെ കൊലപാതകം.
(തുടരും)