ന്യൂഡൽഹി: വിവാദ യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദിന്റെ പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്ന് കേന്ദ്ര പരസ്യ നിരീക്ഷണ സമിതി. പതഞ്ജലി പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുന്ന 33 പരസ്യങ്ങളിൽ 25 എണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്നു അഡ്വടൈസിംഗ് സ്റ്റാൻഡേർഡ് കൗണ്‍സിൽ ഓഫ് ഇന്ത്യയാണ്(എഎസ്സിഐ) കണ്ടെത്തിയത്. പതഞ്ജലിക്ക് പുറമേ വോഡഫോണ്‍, ഐഡിയ, എയർടെൽ, ഹീറോ മോട്ടോകോർപ്പ്, ടാറ്റാ മോട്ടോഴ്സ്, യൂബർ, ലോറിയൽ, പ്രോക്ടർ ആൻഡ് ഗാംബിൾ, ഹിന്ദുസ്ഥാൻ യൂണിലീവർ, ഐഡിയ സെല്ലുലാർ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കന്പനികളുടെ പരസ്യങ്ങളിലും തെറ്റിദ്ധാരണ പരത്തുന്നവയുണ്ടെന്നും എഎസ്സിഐ പറയുന്നു.
2015 ഏപ്രിൽ മുതൽ 2016 ജൂലൈ വരെയുള്ള കാലയളവിൽ പതഞ്ജലി ആയുർവേദ് ലിമിറ്റഡിന്റെ 33 പരസ്യങ്ങൾക്കെതിരെ പരസ്യ നിരീക്ഷണ സമിതിക്കു ലഭിച്ച പരാതികളിൽ ഏറിയ പങ്കും ശരിവയ്ക്കുന്നതാണ്. പതഞ്ജലിയുടെ ഭക്ഷ്യപാനീയ, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളുടെ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന 21 പരസ്യങ്ങളിൽ 17 പരസ്യങ്ങളും ചട്ടങ്ങൾ ലംഘിക്കുന്നതാണ്. പല പതഞ്ജലി ഉത്പന്നങ്ങളുടെയും പരസ്യത്തിൽ അവകാശപ്പെടുന്ന ഗുണങ്ങൾ സ്ഥാപിക്കാനായിട്ടില്ല. പതഞ്ജലി പരസ്യങ്ങളിൽ പറയുന്ന പലതും ശാസ്ത്രീയമായ യാതൊരു തെളിവുകളും കൊണ്ട് വിശദീകരണം നൽകാത്തതുമാണെന്നും എഎസ്സിഐ പറയുന്നു.